ന്യൂഡൽഹി: ആഗോള ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കാൻ ആഹ്വാനം ചെയ്തതിന് പിന്നാലെ, സ്വന്തം സുരക്ഷാ വ്യൂഹത്തിലും മാറ്റങ്ങൾ വരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ (Convoy) വാഹനങ്ങളുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാൻ അദ്ദേഹം സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന് (SPG) നിർദ്ദേശം നൽകി.
കഴിഞ്ഞ ഞായറാഴ്ച ഹൈദരാബാദിൽ നടന്ന പൊതുപരിപാടിയിൽ രാജ്യത്തെ ജനങ്ങളോട് ഇന്ധന ഉപഭോഗം കുറയ്ക്കാനും സ്വർണ്ണത്തിന്റെ വാങ്ങൽ താൽക്കാലികമായി നിയന്ത്രിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം സുരക്ഷാ ക്രമീകരണങ്ങളിൽ ഈ മാറ്റം വരുത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ അടങ്ങിയ ‘ബ്ലൂ ബുക്കിലെ’ (Blue Book) നിയമങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ അനാവശ്യ വാഹനങ്ങൾ ഒഴിവാക്കാനാണ് എസ്.പി.ജിക്ക് ലഭിച്ച നിർദ്ദേശം.
കൂടാതെ, പ്രധാനമന്ത്രിയുടെ സുരക്ഷാ വ്യൂഹത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ (EV) ഉപയോഗം വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പകരം നിലവിലുള്ള ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗപ്പെടുത്താനാണ് അദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നത്. ഗുജറാത്ത്, അസം സന്ദർശന വേളയിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പരിമിതമായ എണ്ണം വാഹനങ്ങൾ മാത്രമാണ് ഉപയോഗിച്ചത്. പ്രധാനമന്ത്രിയുടെ ഈ നടപടി മാതൃകയാക്കി കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും തങ്ങളുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് തന്റെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം 13-ൽ നിന്ന് 8-ലേക്ക് കുറച്ചു.

