ബിഹാർ ഷെരീഫ്: ബിഹാറിലെ നളന്ദ ജില്ലയിൽ വെറും ഒരു നാരങ്ങയുടെ പേരിൽ 12 വയസ്സുകാരനെ തല്ലിക്കൊന്നു. അസ്തവാൻ പോലീസ് സ്റ്റേഷൻ പരിധിയിലെ സക്രാവൻ ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് അതിക്രൂരമായ സംഭവം നടന്നത്. രാജ്കുമാർ പാസ്വാന്റെ മകൻ ശുഭം കുമാർ എന്ന പന്ത്രണ്ടുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന് ഗ്രാമത്തിൽ നാട്ടുകാരും പോലീസും തമ്മിൽ വലിയ സംഘർഷമുണ്ടായി.
കുട്ടികൾ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെ ശക്തമായ കാറ്റിൽ അടുത്തുള്ള മരത്തിൽ നിന്ന് ഒരു നാരങ്ങ നിലത്തുവീഴുകയായിരുന്നു. ഇത് പെറുക്കിയെടുത്ത ശുഭത്തെ മരത്തിന്റെ ഉടമയായ ഒരാൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. വടികൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണപ്പെട്ടു.
കുട്ടിയുടെ മരണവാർത്ത പുറത്തുവന്നതോടെ രോഷാകുലരായ ഗ്രാമവാസികൾ മൃതദേഹവുമായി പ്രതിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് ഇടപെടുകയും നാട്ടുകാരും പോലീസും തമ്മിൽ കല്ലേറുണ്ടാവുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശിയത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. സംഘർഷത്തിൽ ഏതാനും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
നിലവിൽ ഗ്രാമത്തിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രധാന പ്രതിയുൾപ്പെടെ 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി നളന്ദ എസ്.പി ഭരത് സോണി അറിയിച്ചു. നിസ്സാര കാര്യത്തിന് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്തവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികൾ പ്രതിഷേധം തുടരുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും ഗ്രാമത്തിൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിച്ചതായും പോലീസ് വ്യക്തമാക്കി

