തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വാഗ്ദാനമായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ സ്ത്രീയാത്ര ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ച പ്രതിഷേധത്തിലേക്ക്. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി, വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി ഇന്ന് കെ.എസ്.ആർ.ടി.സി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത് പ്രതിഷേധിക്കുമെന്ന് മഹിളാ മോർച്ച അറിയിച്ചു.
തിരഞ്ഞെടുപ്പ് വേളയിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിയിലെ പ്രധാന വാഗ്ദാനമായിരുന്നു സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര. വോട്ടെടുപ്പ് കഴിഞ്ഞ് ഫലം വന്ന സാഹചര്യത്തിൽ ഈ പ്രഖ്യാപനം നടപ്പിലാക്കാൻ ഇനിയും വൈകരുതെന്നാണ് മഹിളാ മോർച്ചയുടെ നിലപാട്. കോഴിക്കോട്ട് നടക്കുന്ന പ്രതിഷേധം നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യും.
അതേസമയം, സൗജന്യ യാത്ര നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാരുടെ ലിംഗഭേദം രേഖപ്പെടുത്തുന്ന ‘ജെൻഡർ ടിക്കറ്റിംഗ്’ (Gender Ticketing) സംവിധാനം കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം എത്ര സ്ത്രീകൾ കെ.എസ്.ആർ.ടി.സി സേവനം ഉപയോഗിക്കുന്നുണ്ടെന്ന് കണക്കാക്കി സാമ്പത്തിക ബാധ്യത വിലയിരുത്താനാണ് ഈ നീക്കം. എന്നാൽ, പുതിയ സർക്കാർ ചുമതലയേൽക്കുന്നതിന് മുൻപേ ഇത്തരം നടപടികൾ ആരംഭിച്ചതിനെതിരെ സ്വകാര്യ ബസ് ഉടമകളും രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന നീക്കമാണിതെന്നാണ് ഇവരുടെ ആരോപണം

