കട്ടപ്പന: ടെലികോം, ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങൾ സംബന്ധിച്ച ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കുടുംബശ്രീയുമായി സഹകരിച്ച് ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. കട്ടപ്പന ഹൈറേഞ്ച് കൺവെൻഷൻ സെന്ററിൽ വെച്ചാണ് പരിപാടി നടന്നത്.
ടെലികോം മേഖലയിലെ സേവനങ്ങളെക്കുറിച്ച് സാധാരണക്കാരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ട്രായ് ബെംഗളൂരു റീജിയണൽ ഓഫീസ് സംഘടിപ്പിച്ച ‘കൺസ്യൂമർ ഔട്ട്‌റീച്ച് പ്രോഗ്രാമി’ന്റെ ഭാഗമായാണ് ഈ ക്യാമ്പ് നടന്നത്. കുടുംബശ്രീ അംഗങ്ങൾക്കും പ്രദേശത്തെ ഉപഭോക്താക്കൾക്കുമായി നടത്തിയ പരിപാടിയിൽ ടെലികോം സേവനങ്ങളിലെ സുതാര്യത, സൈബർ സുരക്ഷ, ഉപഭോക്താക്കളുടെ തിരഞ്ഞെടുക്കാനുള്ള അവകാശം എന്നിവയിൽ കൃത്യമായ ധാരണ നൽകി.
ടെലികോം മേഖലയിലെ പുതിയ നിയമങ്ങളും ഉപഭോക്താക്കൾക്ക് തങ്ങളുടെ പരാതികൾ എങ്ങനെ ഫലപ്രദമായി പരിഹരിക്കാം എന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥർ ക്ലാസുകൾ നയിച്ചു. കട്ടപ്പനയിൽ നടന്ന ഈ പരിപാടിയിൽ വലിയൊരു വിഭാഗം കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു. ഉപഭോക്തൃ സംരക്ഷണം, ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങളിലെ പുതിയ മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ചർച്ചകൾക്ക് നേതൃത്വം നൽകി.

