ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിയഞ്ചാമത് രക്തസാക്ഷിത്വ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ആദരാഞ്ജലി അർപ്പിച്ചു. രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തിൽ കുറിച്ചു.
ഡൽഹിയിലെ ‘വീർ ഭൂമി’യിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എത്തി പുഷ്പാർച്ചന നടത്തി. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും വീർ ഭൂമിയിൽ എത്തി അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരവ് അർപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് കോൺഗ്രസ് നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തിലും വിപുലമായ രീതിയിലാണ് രക്തസാക്ഷിത്വ ദിനാചരണം നടന്നത്. തിരുവനന്തപുരം കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രത്യേക അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തു. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയ നേതാക്കൾ, രാജ്യത്തിന്റെ വികസനത്തിനും ഐക്യത്തിനും വേണ്ടി അദ്ദേഹം നൽകിയ സംഭാവനകളെ അനുസ്മരിച്ചു. കെപിസിസി ഭാരവാഹികളും മറ്റ് ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

