ടുവാലുവിനെ കടല്‍ വിഴുങ്ങുന്നു;കൃത്രിമ ഭൂമി നിർമ്മിക്കുന്ന വൻ പദ്ധതികളുമായി ഭരണകൂടം, ജനങ്ങള്‍ ഓസ്ട്രേലിയയിലേക്ക് പലായനം ചെയ്യാ നൊരുങ്ങുന്നു.

സിഡ്നി: ആഗോളതാപനവും സമുദ്രനിരപ്പ് ഉയരുന്നതും മൂലം ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പസഫിക് ദ്വീപ് രാഷ്ട്രമായ ടുവാലു (Tuvalu), നിലനിൽപ്പിനായി കടലിനോട് പൊരുതുന്നു. രാജ്യം കടലിൽ താഴ്ന്നുപോകാതിരിക്കാൻ തീരത്തോട് ചേർന്ന് പുതിയ കൃത്രിമ ഭൂമി നിർമ്മിക്കുന്ന വൻ പദ്ധതികളുമായി ഭരണകൂടം മുന്നോട്ട് പോകുമ്പോഴും, രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ജീവൻ രക്ഷിക്കാനായി ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ അപേക്ഷ നൽകുന്ന തിരക്കിലാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും ദാരുണമായ ഇരകളാണ് ടുവാലുവിലെ ജനങ്ങൾ. സമുദ്രനിരപ്പ് ഉയരുന്നതിനെ പ്രതിരോധിക്കാൻ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ മണ്ണും തീരങ്ങളും വെച്ചുപിടിപ്പിക്കാൻ രാജ്യം ശ്രമിക്കുന്നുണ്ടെങ്കിലും, ഭാവിയിൽ തങ്ങളുടെ ജന്മനാട് പൂർണ്ണമായും കടലെടുക്കുമെന്ന ഭീതിയിലാണ് ഇവിടുത്തെ ജനങ്ങൾ. ഇതേത്തുടർന്നാണ് ചരിത്രപരമായ പ്രത്യേക കരാറിലൂടെ ഓസ്‌ട്രേലിയ നൽകിയ കുടിയേറ്റ അനുമതി ഉപയോഗപ്പെടുത്തി ഭൂരിപക്ഷം ജനങ്ങളും രാജ്യം വിടാൻ ഒരുങ്ങുന്നത്.

എന്നാൽ, സുരക്ഷിതമായ മറ്റൊരു രാജ്യത്തേക്ക് മാറുമ്പോഴും ടുവാലു ജനതയെ വല്ലാതെ അസ്വസ്ഥമാക്കുന്ന ഒരു ചോദ്യം ഉയർന്നുവരുന്നുണ്ട്; “നമ്മുടെ രാജ്യം പൂർണ്ണമായും ഇല്ലാതായാൽ, വരുംതലമുറയ്ക്ക് നമ്മുടെ സംസ്കാരവും പാരമ്പര്യവും സ്വന്തം അടയാളങ്ങളും എങ്ങനെ നിലനിർത്താനാകും?”. സ്വന്തം മണ്ണും രാജ്യത്തിന്റെ പരമാധികാരവും നഷ്ടപ്പെട്ട് മറ്റൊരു നാട്ടിൽ അഭയാർത്ഥികളായി ജീവിക്കേണ്ടി വരുമ്പോൾ തങ്ങളുടെ സാംസ്കാരിക തനിമ എന്നെന്നേക്കുമായി ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് ഒരു ജനത മുഴുവൻ. കാലാവസ്ഥാ വ്യതിയാനം കേവലം ഭൂമി നഷ്ടപ്പെടൽ മാത്രമല്ല, ഒരു ജനതയുടെ ചരിത്രവും സംസ്കാരവും കൂടിയാണ് ഇല്ലാതാക്കുന്നത് എന്ന വലിയ തിരിച്ചറിവാണ് ടുവാലു ലോകത്തിന് മുന്നിൽ വെയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *