ലഖ്നൗ: ഉത്തർപ്രദേശിലെ ഹർദോയിയിലെ നവീൻ പഴം-പച്ചക്കറി മാർക്കറ്റിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ നിരവധി കടകൾ കത്തിനശിച്ചു. വ്യാഴാഴ്ച അർധരാത്രിയോടെയുണ്ടായ അപകടത്തിൽ കുറഞ്ഞത് എട്ട് കടകൾ പൂർണമായും നശിച്ചതായി അധികൃതർ അറിയിച്ചു.
തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് സ്ഥാപിച്ചിരുന്ന എൽ.പി.ജി സിലിണ്ടറുകളിൽ രണ്ടെണ്ണം പൊട്ടിത്തെറിച്ചു. അഗ്നിശമന സേന നാല് സിലിണ്ടറുകൾ സുരക്ഷിതമായി പുറത്തേക്ക് മാറ്റിയതായി ഫയർ ഓഫീസർ ശിവ്റാം യാദവ് അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കാൻ മൂന്ന് ഫയർ എഞ്ചിനുകൾ വിന്യസിച്ചുവെന്നും ഏകദേശം ഒരു മണിക്കൂറിലധികം പരിശ്രമിച്ച ശേഷമാണ് തീ അണച്ചതെന്നും അദ്ദേഹം പറഞ്ഞു.
പുറം ഇടപെടലുകളോ ദുരൂഹ സാഹചര്യങ്ങളോ നിലവിൽ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

