ബിക്കാനീർ: പാകിസ്താനുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാനിലെ തന്ത്രപ്രധാന മേഖലകളിൽ സുരക്ഷാ സംവിധാനങ്ങൾ അങ്ങേയറ്റം ശക്തമാക്കാൻ ലക്ഷ്യമിട്ട് ബൃഹദ് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം, മയക്കുമരുന്ന്-ആയുധ കടത്ത്, വ്യാജ കറൻസി ശൃംഖലകൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമഗ്രമായ ‘360 ഡിഗ്രി സുരക്ഷാ പദ്ധതി’ക്ക് അദ്ദേഹം രൂപം നൽകി. രാജസ്ഥാനിലെ ബിക്കാനീറിൽ ചേർന്ന ഉയർന്ന സുരക്ഷാ അവലോകന യോഗത്തിലാണ് കേന്ദ്രമന്ത്രി നിർണായക പ്രഖ്യാപനങ്ങൾ നടത്തിയത്.
ദേശീയ സുരക്ഷയിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്ന മോദി സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് അതിർത്തി ജില്ലകളെ കേന്ദ്രീകരിച്ച് ഈ അത്യാധുനിക പ്രതിരോധ കോട്ട ഒരുങ്ങുന്നത്. പാക് അതിർത്തിയിൽ നിന്നുള്ള ഡ്രോൺ ഭീഷണികൾ നേരിടാൻ അടുത്ത 6 മാസത്തിനകം അത്യാധുനിക ആന്റി ഡ്രോൺ സംവിധാനങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. കൂടാതെ, അന്താരാഷ്ട്ര അതിർത്തിയുടെ 15 കിലോമീറ്റർ പരിധിയിലുള്ള മുഴുവൻ അനധികൃത നിർമാണങ്ങളും ഉടനടി പൊളിച്ചുനീക്കാൻ ‘സീറോ ടോളറൻസ്’ നയത്തിന്റെ ഭാഗമായി അദ്ദേഹം കർശന നിർദ്ദേശം നൽകി.
രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, അതിർത്തി സുരക്ഷാ സേന (BSF), നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB), സിബിഡിറ്റി (CBDT) എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും രാജസ്ഥാനിലെ അഞ്ച് അതിർത്തി ജില്ലകളിലെ (ബിക്കാനീർ, ജയ്സാൽമീർ, ബാർമർ, ശ്രീഗംഗാനഗർ, ഫലോദി) കളക്ടർമാരും പോലീസ് സൂപ്രണ്ടുമാരും യോഗത്തിൽ പങ്കെടുത്തു. അതിർത്തി ഗ്രാമങ്ങളുടെ വികസനത്തിനായി ‘വൈബ്രന്റ് വില്ലേജ് പ്രോഗ്രാം-2’ നടപ്പിലാക്കുമെന്നും, അതിർത്തി സുരക്ഷയിൽ പ്രാദേശിക ജനവിഭാഗങ്ങളെക്കൂടി പങ്കാളികളാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു

