ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി അസം; ബഹുഭാര്യത്വത്തിന് പൂർണനിരോധനം, ലംഘിച്ചാൽ 7 വർഷം തടവ്

ദിസ്പുർ: ചരിത്രപരമായ ഏകീകൃത സിവിൽ കോഡ് (യു.സി.സി) ബിൽ പാസാക്കി അസം സർക്കാർ. പ്രതിപക്ഷത്തിന്റെ കടുത്ത ബഹളങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലാണ് ‘ദി യൂണിഫോം സിവിൽ കോഡ്, അസം, 2026’ ബിൽ അസം നിയമസഭയിൽ ബിജെപി സർക്കാർ പാസാക്കിയത്. ഇതോടെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി അസം മാറി. നേരത്തെ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡും ഗുജറാത്തും ആണ് ഈ ബിൽ പാസാക്കിയിട്ടുള്ളത്.

ഏകീകൃത സിവിൽ കോഡ് പാസായതോടെ സംസ്ഥാനത്ത് ഇനി മുതൽ ബഹുഭാര്യത്വത്തിന് പൂർണ്ണ നിരോധനം ഉണ്ടായിരിക്കും. വിവാഹിതരാകുന്ന സമയത്ത് ഇരുപങ്കാളികൾക്കും ജീവിച്ചിരിക്കുന്ന മറ്റൊരു പങ്കാളി ഉണ്ടാകാൻ പാടില്ലെന്ന് നിയമം വ്യക്തമാക്കുന്നു. ഭാരതീയ ന്യായ സംഹിത (BNS), 2023 സെക്ഷൻ 82 പ്രകാരം ഈ വ്യവസ്ഥ ലംഘിക്കുന്നവർക്ക് 7 വർഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കും. എന്നാൽ നിയമം നിലവിൽ വരുന്നതിന് മുൻപ് നടന്ന ബഹുഭാര്യത്വ വിവാഹങ്ങൾക്ക് ഇതിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്.

ഇതോടൊപ്പം സംസ്ഥാനത്ത് ലിവ്-ഇൻ റിലേഷൻഷിപ്പുകൾക്ക് (ഒരുമിച്ചുള്ള താമസം) രജിസ്ട്രേഷൻ നിർബന്ധമാക്കി. അസമിൽ ഒരുമിച്ച് താമസിക്കുന്ന പങ്കാളികൾ ഒരു മാസത്തിനകം സബ് രജിസ്ട്രാർ മുൻപാകെ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അവർ അസം സ്വദേശികളാണെങ്കിലും അല്ലെങ്കിലും സംസ്ഥാന പരിധിക്കുള്ളിൽ ഒരുമിച്ച് താമസിക്കുകയാണെങ്കിൽ ഈ നിയമം ബാധകമായിരിക്കും. ലിവ്-ഇൻ പങ്കാളിത്തം രജിസ്റ്റർ ചെയ്യാതിരുന്നാൽ 3 മാസം വരെ തടവോ 10,000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *