പെർത്ത്: ദശലക്ഷക്കണക്കിന് പശ്ചിമ ഓസ്ട്രേലിയൻ ജനങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ശക്തമായ കൊടുങ്കാറ്റ് മുന്നറിയിപ്പ്. മണിക്കൂറിൽ 125 കിലോമീറ്ററിലധികം വേഗതയുള്ള, രണ്ടാം ഗണത്തിൽപ്പെട്ട ചുഴലിക്കാറ്റുകൾക്ക് സമാനമായ വിനാശകാരിയായ കാറ്റാണ് ശനിയാഴ്ച വൈകുന്നേരത്തോടെ പശ്ചിമ ഓസ്ട്രേലിയയുടെ ജനസാന്ദ്രതയേറിയ തെക്കുപടിഞ്ഞാറൻ തീരങ്ങളിൽ വീശിയടിക്കാൻ പോകുന്നത്. ഇതോടൊപ്പം കനത്ത മഴയും ഇടിമിന്നലും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, ചിലയിടങ്ങളിൽ ടൊർണാഡോ ചൂഴലിക്കാറ്റ് വീശിയടിച്ചേക്കാമെന്നും ഓസ്ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മേഖലയിൽ ശീതകാലത്തിന്റെ തുടക്കത്തിൽ കൊടുങ്കാറ്റുകൾ പതിവാണെങ്കിലും, നിലവിലെ സാഹചര്യം വളരെ ഗുരുതരമാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഡാനിയൽ ഹെയ്സ് വ്യക്തമാക്കി. കടലിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദ്ദം ഉഷ്ണമേഖലാ ഈർപ്പത്തെയും വഹിച്ചുകൊണ്ട് തീരത്തേക്ക് നീങ്ങുന്നതാണ് നിലവിലെ പ്രതികൂല കാലാവസ്ഥയ്ക്ക് കാരണം. പശ്ചിമ ഓസ്ട്രേലിയയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ പൂർണ്ണമായി നിലവിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെയുള്ള സമയങ്ങളിൽ ചിലയിടങ്ങളിൽ 60 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കനത്ത തിരമാലകൾക്കും സമുദ്രനിരപ്പ് അസാധാരണമായി ഉയരാനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിൽ ഞായറാഴ്ച രാവിലെ മുതൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രിയോടെ പെർത്ത് ഉൾപ്പെടെയുള്ള ലാൻസിലിൻ, അൽബാനി മേഖലകളിൽ മണിക്കൂറിൽ 125 കി.മീ വേഗതയിൽ രണ്ടാം ഘട്ട കാറ്റ് വീശിയടിച്ചേക്കും.
പശ്ചിമ ഓസ്ട്രേലിയയെ ബാധിച്ച ശേഷം ഈ കാലാവസ്ഥാ സംവിധാനം കിഴക്കോട്ട് നീങ്ങുമെന്നാണ് പ്രവചനം. ഇതോടെ ഞായറാഴ്ചയോടെ സൗത്ത് ഓസ്ട്രേലിയയിലും വിക്ടോറിയയിലെ മലയോര മേഖലകളിലും കടുത്ത കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകേണ്ടി വരും. തിങ്കൾ, ചൊവ്വാഴ്ച ദിവസങ്ങളിൽ വിക്ടോറിയ, ന്യൂ സൗത്ത് വെയ്ൽസ് സംസ്ഥാനങ്ങളിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെടും. ഇതിനെത്തുടർന്ന് രാജ്യം കടുത്ത ശീതകാലത്തിലേക്ക് പ്രവേശിക്കുമെന്നും മെൽബണിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ മണിക്കൂറിൽ 50 കി.മീ വേഗതയിൽ തണുത്ത കാറ്റ് വീശുമെന്നും അടുത്ത ആഴ്ചയോടെ മലയോര മേഖലകളിൽ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതേസമയം, പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന ‘എൽ നിനോ’ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ, ഈ ശീതകാലത്ത് ഓസ്ട്രേലിയയുടെ തെക്കൻ മേഖലകളിൽ സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവ പ്പെടാനാണ് സാധ്യതയെന്നും ദീർഘകാല കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു. എൽ നിനോയും ആഗോള താപനവും ഒത്തുചേരുന്നതോടെ വരും വർഷങ്ങൾ ലോകത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളായി മാറിയേക്കാമെന്നും വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

