ഹോബാർട്ട്: ഓസ്‌ട്രേലിയൻ സംസ്ഥാനമായ ടാസ്മാനിയയിൽ ഡോക്ടറുടെ അങ്ങേയറ്റം ഉത്തരവാദിത്തമില്ലാത്ത മരുന്ന് കുറിപ്പടി രണ്ട് രോഗികളുടെ മരണത്തിന് നേരിട്ട് കാരണമായതായി കൊറോണറുടെ കണ്ടെത്തൽ. ലഹരിവസ്തുക്കൾക്ക് അടിമപ്പെട്ടിരുന്ന രോഗികൾക്ക് മെത്താഡോൺ , ബെൻസോഡിയാസെപൈൻ തുടങ്ങിയ വീര്യമേറിയ മരുന്നുകൾ അമിത അളവിൽ കുറിപ്പിച്ചു നൽകിയ ഡോ. ഡേവിഡ് ജാക്സൺ എന്ന മുൻ മെഡിക്കൽ പ്രാക്ടീഷണർക്കെതിരെയാണ് കൊറോണർ ഒലിവിയ മക്ടാഗാർട്ട് ഗുരുതരമായ കണ്ടെത്തലുകൾ നടത്തിയത്.
2016 സെപ്റ്റംബറിനും 2017 ഓഗസ്റ്റിനുമിടയിൽ ടാസ്മാനിയയിൽ മരിച്ച നിക്കോളാസ് ബ്രൗൺ (35), മാത്യു വിൻവുഡ് (47), ടോണി വിക്കി, ബെലിൻഡ കെമ്പ് എന്നിവർ ഡോ. ജാക്സന്റെ ചികിത്സയിലായിരുന്നവരാണ്. ഇതിൽ നിക്കോളാസ് ബ്രൗണിന്റെയും മാത്യു വിൻവുഡിന്റെയും മരണത്തിലാണ് ഡോക്ടർക്ക് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയത്. ജയിലിൽ നിന്ന് ഇറങ്ങിയ ബ്രൗണിന്റെ മുൻകാല മെഡിക്കൽ രേഖകൾ പരിശോധിക്കാതെ മൂന്ന് തവണ മെത്താഡോൺ കുറിപ്പിച്ചു നൽകിയതിലൂടെ ഡോക്ടർ അദ്ദേഹത്തെ അപകടത്തിലാക്കുകയായിരുന്നു. മരുന്നുകൾ അമിതമായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് മാത്യു വിൻവുഡിന്റെ അമ്മ മുന്നറിയിപ്പ് നൽകിയിട്ടും, അത് അവഗണിച്ച് വിൻവുഡിന് മരുന്നുകൾ യഥേഷ്ടം വാങ്ങാനുള്ള സാഹചര്യം ഡോക്ടർ ഒരുക്കി നൽകിയതായും കൊറോണർ ചൂണ്ടിക്കാട്ടി. അമിത അളവിൽ മരുന്ന് ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണത്തിന് കാരണമായത്. അതേസമയം, ടോണി വിക്കി ഹൃദയാഘാതം മൂലവും ബെലിൻഡ കെമ്പ് ന്യൂമോണിയ ബാധിച്ചുമാണ് മരിച്ചതെന്നും ഇവരുടെ മരണത്തിൽ ഡോക്ടർക്ക് നേരിട്ട് പങ്കില്ലെന്നും കൊറോണർ വ്യക്തമാക്കി.
1986 മുതൽ 2018 വരെ ടാസ്മാനിയയിൽ സേവനമനുഷ്ഠിച്ച ഡോ. ജാക്സന്റെ മരുന്ന് നിർണ്ണയ ശൈലിയെക്കുറിച്ച് 1992 മുതൽ തന്നെ ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും ചീഫ് ഫാർമസിസ്റ്റിനും പരാതികൾ ലഭിച്ചിരുന്നു. രോഗികൾക്ക് അമിത അളവിൽ ഒപ്പിയോയിഡുകളും മെത്താഡോണും നൽകുന്നതിൽ ഇയാൾക്കെതിരെ മുൻപും അന്വേഷണങ്ങൾ നടന്നിട്ടുണ്ട്. ഇയാൾ രോഗികളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താറില്ലായിരുന്നുവെന്ന് സഹപ്രവർത്തകർ മൊഴി നൽകി.
ഈ മരണങ്ങളെത്തുടർന്ന് ഡോ. ജാക്സനെതിരെ വൻതോതിലുള്ള ക്രിമിനൽ അന്വേഷണം നടന്നിരുന്നെങ്കിലും നരഹത്യയ്ക്ക് (Manslaughter) കുറ്റം ചുമത്താൻ തക്ക ശക്തമായ തെളിവുകൾ ഇല്ലെന്ന് കണ്ട് 2021-ൽ പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർ ഇയാൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ ഒഴിവാക്കുകയായിരുന്നു. എന്നാൽ, പോലീസിന്റെ നിർദ്ദേശപ്രകാരം 2018 ജനുവരിയിൽ നാഷണൽ റെഗുലേറ്റർ ഇയാൾക്ക് ചില മരുന്നുകൾ കുറിപ്പിച്ചു നൽകുന്നതിൽ വിലക്കേർപ്പെടുത്തുകയും, തുടർന്ന് ഇയാൾ മെഡിക്കൽ പ്രാക്ടീസ് അവസാനിപ്പിക്കുകയും ചെയ്തു. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന മെഡിക്കൽ പ്രൊഫഷണലുകളെ മാതൃകാപരമായി വിചാരണ ചെയ്യുന്നതിന് ശക്തമായ സംവിധാനം ഒരുക്കണമെന്നത് ഉൾപ്പെടെ പത്തോളം ശുപാർശകൾ കൊറോണർ ടാസ്മാനിയൻ ആരോഗ്യവകുപ്പിന് മുൻപാകെ സമർപ്പിച്ചു.

