ബ്രാട്ടിസ്ലാവ: ഇന്ത്യയും സ്ലോവാക്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ‘സമഗ്ര പങ്കാളിത്ത’ (Comprehensive Partnership) തലത്തിലേക്ക് ഉയർത്താൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ലോവാക്യ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയും നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ഇതോടനുബന്ധിച്ച് പ്രതിരോധം, ഡിജിറ്റൽ സാങ്കേതികവിദ്യ, തൊഴിൽ കുടിയേറ്റം, ഉന്നത വിദ്യാഭ്യാസം, ക്വാണ്ടം സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലായി 11 കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി സ്ലോവാക്യ സന്ദർശിക്കുന്ന ആദ്യ അവസരമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെയും പൊതുതാൽപര്യങ്ങളുടെയും ഭാവി സഹകരണത്തിന്റെയും പ്രതീകമാണ് പുതിയ പങ്കാളിത്തമെന്ന് നരേന്ദ്ര മോദി പറഞ്ഞു. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം, നിർമാണം, ഹരിത സാങ്കേതികവിദ്യ എന്നിവയിൽ സഹകരണം വിപുലീകരിക്കാനും തീരുമാനമായി.
പ്രതിരോധ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ‘ലെറ്റർ ഓഫ് ഇന്റന്റ്’ അന്തിമമാക്കി. തൊഴിലാളികളുടെ നിയമാനുസൃത കുടിയേറ്റം സുഗമമാക്കുന്നതിനുള്ള ധാരണാപത്രത്തിലും ഒപ്പുവച്ചു. ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) വേഗത്തിൽ നടപ്പാക്കുന്നതിനും ഇരു നേതാക്കളും പിന്തുണ പ്രഖ്യാപിച്ചു.
ഊർജസുരക്ഷ, ആണവോർജം, ഭൗമതാപ ഊർജം, കൃത്രിമ ബുദ്ധി, ബഹിരാകാശ സഹകരണം തുടങ്ങിയ മേഖലകളിലും സഹകരണം വിപുലീകരിക്കാൻ ധാരണയായതായി ഇന്ത്യ–സ്ലോവാക്യ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

