ഹൂസ്റ്റൺ: ഫിഫ 2026 ലോകകപ്പിലെ ഗ്രൂപ്പ് ‘ജി’-യിലെ ആവേശകരമായ ആദ്യ മത്സരത്തിൽ കരുത്തരായ ബെൽജിയത്തെ സമനിലയിൽ തളച്ച് ഈജിപ്ത്. ശക്തമായ പോരാട്ടം കാഴ്ചവെച്ച ഈജിപ്തിനോട് ഒന്നിനെതിരെ ഒരു ഗോളിനാണ് ബെൽജിയം സമനില വഴങ്ങിയത്. പകരക്കാരനായി ഇറങ്ങി മത്സരത്തിൽ നിർണായക സ്വാധീനം ചെലുത്തിയ സൂപ്പർ തരാം റോമേലു ലുക്കാക്കുവിന്റെ പ്രകടനമാണ് ബെൽജിയത്തെ തോൽവിയിൽ നിന്ന് രക്ഷിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോളുകളൊന്നും നേടാനായില്ല. എന്നാൽ രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച ഈജിപ്ത് 53-ആം മിനിറ്റിൽ ആദ്യ ഗോൾ നേടി മത്സരത്തിൽ മുന്നിലെത്തി. ഒമർ മർമൂഷിന്റെ മികച്ചൊരു പാസിൽ നിന്ന് ഒമർ കമാലാണ് ഈജിപ്തിനായി ഗോൾ വല കുലുക്കിയത്.ഗോൾ വഴങ്ങിയതോടെ പ്രതിരോധത്തിലായ ബെൽജിയം, രണ്ടാം പകുതിയിലാണ് ലുക്കാക്കുവിനെ മൈതാനത്തിറക്കിയത്.
ലുക്കാക്കുവിന്റെ വരവ് ബെൽജിയം നിരയ്ക്ക് പുതുജീവൻ നൽകി. 66-ആം മിനിറ്റിൽ ബെൽജിയത്തിന്റെ ആക്രമണത്തിനൊടുവിൽ ഈജിപ്ത് താരം അഹമ്മദ് ഹെഗാസിയുടെ കാലിൽ തട്ടി പന്ത് സ്വന്തം ഗോൾവലയിലേക്ക് തന്നെ പതിക്കുകയായിരുന്നു (Self Goal). ഇതോടെ ബെൽജിയം മത്സരത്തിൽ സമനില പിടിച്ചു.മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഇരുടീമുകളും വിജയഗോളിനായി കടുത്ത ശ്രമങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.
കനത്ത പ്രതിരോധത്തിലൂടെ ബെൽജിയത്തെ സമനിലയിൽ തളയ്ക്കാനായത് ഈജിപ്തിന് ടൂർണമെന്റിൽ വലിയ ആത്മവിശ്വാസം നൽകും.

