ഷിംഗ്ടൺ ഡിസി: ആഗോളതലത്തിൽ വലിയ ആശങ്ക സൃഷ്ടിച്ച പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് ഒടുവിൽ ശാശ്വത പരിഹാരമാകുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സും (യുഎസ്) ഇറാനും തമ്മിലുള്ള സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനുള്ള ചരിത്രപരമായ സമാധാനക്കരാറിന്റെ ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗെർ ഗാലിബാഫ് എന്നിവർ ഞായറാഴ്ച വെർച്വലായാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. യുഎസ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കും. കരാറിലെ വിശദമായ വ്യവസ്ഥകൾ അടുത്ത 48 മണിക്കൂറിനുള്ളിൽ പുറത്തുവിടുമെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സമാധാനക്കരാറിലൂടെ യുഎസ് ഉപരോധവും എല്ലാ മുന്നണികളിലെയും യുദ്ധവും അവസാനിച്ചതായി ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്.അമേരിക്കൻ സമയം ഞായറാഴ്ച രാത്രിയോടെ ട്രൂത്ത് സോഷ്യൽ വഴിയാണ് ഡൊണാൾഡ് ട്രംപ് ഈ വിവരം ആദ്യം പുറത്തുവിട്ടത്. തുടർന്ന്, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം പുനരാരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ഒരു ഇന്ത്യൻ എണ്ണക്കപ്പലാണ് ആദ്യമായി ഹോർമുസ് കടലിടുക്ക് പിന്നിട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളിൽ ഇപ്പോഴും നേരിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കുമെന്ന് ഇറാൻ വ്യക്തമാക്കിയപ്പോൾ, കപ്പൽ യാത്ര സൗജന്യമായിരിക്കുമെന്നാണ് യുഎസ് വൃത്തങ്ങൾ അറിയിക്കുന്നത്.
വെള്ളിയാഴ്ച ജനീവയിൽ വെച്ച് കരാർ ഔദ്യോഗികമായി ഒപ്പിടുന്നത് വരെ ഇറാനിയൻ തുറമുഖങ്ങളിലെ യുഎസിന്റെ നാവിക ഉപരോധം തുടരുമെന്നും യുഎസ് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

