കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ നിർണായക ചോദ്യങ്ങളുമായി കേരള ഹൈക്കോടതി. പദ്ധതി നിർത്തിവെക്കണമെന്ന് എങ്ങനെയാണ് ആവശ്യപ്പെടാനാകുകയെന്നും പാവപ്പെട്ട ജനങ്ങൾക്കല്ലേ ഇതിന്റെ പ്രയോജനം ലഭിക്കുകയെന്നും കോടതി ചോദിച്ചു.
ഹർജിയിൽ വാദം പൂർത്തിയാക്കിയ ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേസ് വിധി പറയാനായി മാറ്റി.യുഡിഎഫ് സർക്കാർ തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച ‘പ്രിയദർശിനി’ പദ്ധതി രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ളതാണെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം. എന്നാൽ, തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയവർ അത് പാലിച്ചതായി ഇതിനെ കണ്ടുകൂടേ എന്ന് കോടതി തിരിച്ചുചോദിച്ചു. പദ്ധതിയുടെ പ്രധാന ലക്ഷ്യം സ്ത്രീശാന്തികരണമാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ സൗജന്യ യാത്രാ പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
എറണാകുളം സ്വദേശിയായ മുഹമ്മദ് ഫിർദൗസ് ആണ് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. കൃത്യമായ ശാസ്ത്രീയ പഠനങ്ങളോ സാമ്പത്തിക ആഘാത വിലയിരുത്തലുകളോ നടത്താതെയാണ് സർക്കാർ അധികാരത്തിലേറിയ ഉടൻ പദ്ധതി നടപ്പാക്കിയതെന്നും വരുമാന പരിധിയില്ലാതെ ലിംഗഭേദം മാത്രം അടിസ്ഥാനമാക്കി ആനുകൂല്യം നൽകുന്നത് സമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
കെഎസ്ആർടിസിയുടെ 3,125 ഓർഡിനറി ബസുകളിലാണ് നിലവിൽ പ്രിയദർശിനി പദ്ധതി പ്രകാരം സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും തിരിച്ചറിയൽ കാർഡോ പ്രായപരിധിയോ ഇല്ലാതെ സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. കേസിൽ കോടതിയുടെ അന്തിമ വിധി ഉടൻ ഉണ്ടാകും.

