കോതമംഗലം: പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസമേഖലകളിൽ നിരന്തരം പ്രവേശിച്ച് നാശനഷ്ടമുണ്ടാക്കിയ കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടി. മലയാറ്റൂർ ഡിവിഷനിലെ കോടനാട് റേഞ്ച്, മേയ്ക്കാപ്പാല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഏതാനും ആഴ്ചകളായി ഭീതിപരത്തിയ മോഴയാനയെയാണ് പിടികൂടിയത്. ആനയ്ക്ക് ആവശ്യമായ ചികിൽസ നൽകിയ ശേഷം റേഡിയോ കോളർ ഘടിപ്പിച്ചു കരിമ്പാനി വനമേഖലയിലേക്ക് തിരിച്ചുവിട്ടു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അനുമതിയോടെ രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശപ്രകാരമാണ് നടപടി സ്വീകരിച്ചത്.
വ്യാഴാഴ്ച രാവിലെ 5.30-ഓടെ വെറ്ററിനറി ഡോക്ടർമാരായ ഡോ. ബിനോയ് സി. ബാബു (കോടനാട് അഭയാരണ്യം), ഡോ. മിഥുൻ ഒ.വി (തൃശൂർ) എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം ആരംഭിച്ചത്. രാവിലെ 8.30-ഓടെ ആനക്ക് ആദ്യ മയക്കുവെടി വെച്ചെങ്കിലും ആന വനത്തിനുള്ളിലേക്ക് നീങ്ങി. തുടർന്ന് ഉച്ചക്ക് 2.00 നും വൈകിട്ട് 3.30-നും വീണ്ടും മയക്കുവെടി വെച്ചാണ് ആനയെ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
തുടർന്ന് വെറ്ററിനറി ഡോക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിൽ ആനയുടെ ഇടതുവശത്തെ മുൻ നിരപ്പല്ലിൻ്റെ ഭാഗത്ത് ഗുരുതരമായ ക്ഷതം കണ്ടെത്തി. സ്ഫോടകവസ്തു കടിച്ചതുമൂലം ഉണ്ടായ പരുക്കാകാമിതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരുക്കേറ്റ ഭാഗം വൃത്തിയാക്കി അണുബാധ ഒഴിവാക്കുന്നതിനാവശ്യമായ ആൻ്റിബയോട്ടിക്കുകളും മറ്റ് മരുന്നുകളും നൽകി. വൈകിട്ട് 5.00 ഓടെ ആനയുടെ ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിച്ചു. ഇതിൽ നിന്നുള്ള സിഗ്നലുകൾ ഉപയോഗിച്ച് ആനയുടെ സഞ്ചാരം ഓരോ പത്ത് മിനിറ്റിലും നിരീക്ഷിക്കാനും, ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്ന സാഹചര്യം മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികൾ സ്വീകരിക്കാനും സാധിക്കും.
ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം. വെങ്കടേശ്വരൻ, റേഞ്ച് ഓഫീസർമാരായ ലുധീഷ് ഇ ബി, നിഖിൽ ജേറോം, മുരളീദാസ് വി പി, ഡെപ്യൂട്ടി റേഞ്ചർമാരായ ദിധീഷ്, അബിൻ, കൺസർവേഷൻ ബയോളജിസ്റ്റ് അർജുൻ സി. പി, എൻ ജി ഒ പ്രതിനിധി ഹരിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. മലയാറ്റൂർ ആർ.ആർ.ടി, മേയ്ക്കാപ്പാല, ഭൂതത്താൻകെട്ട്, പെരുന്തോട് ഫോറസ്റ്റ് സ്റ്റേഷനുകളിലെ ജീവനക്കാരും ദൗത്യത്തിൽ പങ്കാളികളായി.

