ന്യൂഡൽഹി: രാജ്യത്തെ സ്കൂൾ പാഠ്യപദ്ധതിയിൽ വലിയ മാറ്റങ്ങളുമായി നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻ.സി.ഇ.ആർ.ടി). ചരിത്രത്തിലാദ്യമായി ഒൻപതാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ 1975-77 കാലഘട്ടത്തിലെ ‘അടിയന്തരാവസ്ഥ’, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ‘പ്രത്യേക തീവ്ര പുതുക്കൽ പ്രക്രിയ’ (SIR – Special Intensive Revision) എന്നിവ ഉൾപ്പെടുത്തി. ദേശീയ വിദ്യാഭ്യാസ നയം-2020 (NEP), നാഷണൽ കരിക്കുലം ഫ്രെയിംവർക്ക്-2023 എന്നിവയുടെ അടിസ്ഥാനത്തിൽ പരിഷ്കരിച്ച പുതിയ പുസ്തകങ്ങളിലാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
ഇതുവരെ പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ മാത്രമായിരുന്നു അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിച്ചിരുന്നത്. പുതിയ പാഠ്യപദ്ധതി അനുസരിച്ച് വരും അധ്യയന വർഷം മുതൽ ‘അണ്ടർസ്റ്റാൻഡിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന സംയോജിത പാഠപുസ്തകത്തിലൂടെ ഒൻപതാം ക്ലാസ് മുതൽ വിദ്യാർത്ഥികൾ ഇത് പഠിക്കും. ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തും വെല്ലുവിളികളും ചർച്ച ചെയ്യുന്ന അധ്യായത്തിലാണ് 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥയെക്കുറിച്ച് വിശദീകരിക്കുന്നത്. ജനാധിപത്യ പ്രക്രിയ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായാണ് പാഠപുസ്തകം ഇതിനെ വിശേഷിപ്പിക്കുന്നത്.
1975 ജൂണിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പൗരന്മാരുടെ മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടതും, മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയതും, പ്രമുഖ രാഷ്ട്രീയ നേതാക്കളെ ജയിലിലടച്ചതും ജനാധിപത്യ സ്ഥാപനങ്ങൾ കടുത്ത സമ്മർദ്ദത്തിലായതും പുതിയ പാഠഭാഗത്തിൽ വിവരിക്കുന്നുണ്ട്. കൂടാതെ, അടിയന്തരാവസ്ഥയ്ക്കെതിരെ ബിഹാറിലും ഗുജറാത്തിലും വിദ്യാർത്ഥികളെയും ജനങ്ങളെയും അണിനിരത്തി ‘ലോക് നായക്’ ജയപ്രകാശ് നാരായൺ നയിച്ച ജനകീയ പ്രസ്ഥാനങ്ങളെക്കുറിച്ചും പുസ്തകത്തിൽ പ്രതിപാദിക്കുന്നു. 1977-ൽ അടിയന്തരാവസ്ഥ പിൻവലിച്ചതും തുടർന്നുണ്ടായ പൊതുതിരഞ്ഞെടുപ്പിൽ ഭരണകക്ഷി പരാജയപ്പെട്ടതും ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തിന്റെ തെളിവായാണ് പുസ്തകം ചൂണ്ടിക്കാണിക്കുന്നത്.

