അമരാവതി: വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നതും അവിടുത്തെ പൗരത്വം നേടുന്നതും വലിയ നേട്ടമായി കരുതുന്ന ആധുനിക കാലത്ത്, മാതൃരാജ്യത്തോടുള്ള സ്നേഹത്തിന്റെ വേറിട്ട മാതൃകയായി മാറുകയാണ് ഒരു 94-കാരി. ആന്ധ്രപ്രദേശ് സ്വദേശിനിയായ കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മയാണ് അമേരിക്കൻ പൗരത്വം പൂർണ്ണമായും ഉപേക്ഷിച്ച് വീണ്ടും ഇന്ത്യൻ പൗരത്വം നേടാനായി സർക്കാരിനെ സമീപിച്ചത്. “ഒരു ഇന്ത്യൻ പൗരയായി മരിക്കണം, എന്റെ ശവസംസ്കാരം സ്വന്തം മണ്ണിൽ വേണം” എന്ന തന്റെ അവസാന ആഗ്രഹം സഫലീകരിക്കാനാണ് പ്രായത്തിന്റെ അവശതകൾക്കിടയിലും അവർ ഈ തീരുമാനമെടുത്തത്.
ആന്ധ്രയിലെ ബാപട്ല ജില്ലാ കളക്ടറേറ്റിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ തെലുങ്ക് ഭാഷയിൽ ഇന്ത്യൻ ഭരണഘടനയോട് വിശ്വസ്തത പുലർത്തുമെന്ന പ്രതിജ്ഞ ഈ 94-കാരി ചൊല്ലിക്കേൾപ്പിച്ചു. വർഷങ്ങൾക്ക് മുൻപ് മക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറുകയും അവിടുത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്തതായിരുന്നു മഹാലക്ഷ്മമ്മ. എന്നാൽ ശിഷ്ടകാലം ജന്മനാട്ടിൽ ജീവിക്കണമെന്ന ആഗ്രഹത്താൽ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. മാതൃരാജ്യത്തോടുള്ള ഇവരുടെ അടങ്ങാത്ത സ്നേഹത്തിന്റെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിലും വൻ തരംഗമായി മാറിയിരിക്കുകയാണ്. ഉദ്യോഗസ്ഥരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരാണ് ഈ അമ്മയ്ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.

