പ്യോങ്യാങ്: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ സൈന്യത്തോട് പൂർണ യുദ്ധസജ്ജത പാലിക്കാൻ നിർദേശിച്ചു. രാജ്യത്തിന്റെ പ്രതിരോധശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെയും ശത്രുരാജ്യങ്ങൾക്കെതിരെ ശക്തമായ പ്രതിരോധ-ആക്രമണ ശേഷി ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നിർദേശം.
രാജ്യത്തിന്റെ മുൻനിര മേഖലകളിൽ വിന്യസിക്കാനുള്ള വിവിധ ആയുധസംവിധാനങ്ങളുടെ പരീക്ഷണങ്ങൾ കിം നേരിട്ട് വിലയിരുത്തി. നവീകരിച്ച മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ, തന്ത്രപ്രധാന ബാലിസ്റ്റിക് മിസൈൽ വാർഹെഡ് എന്നിവയുടെ പ്രകടനം അദ്ദേഹം നിരീക്ഷിച്ചതായും ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൈന്യത്തിന്റെ ആക്രമണശേഷി കൂടുതൽ ശക്തമാക്കണമെന്നും, എതിരാളികൾക്ക് സ്ഥിരമായ ഭയവും അനിശ്ചിതത്വവും സൃഷ്ടിക്കുന്ന തരത്തിൽ സൈനികസന്നാഹങ്ങൾ നിലനിർത്തണമെന്നും കിം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു. അടുത്തിടെ ഉത്തരകൊറിയ നാവികസേനയുടെ ആധുനികവൽക്കരണത്തിനും ആണവശേഷി വികസിപ്പിക്കുന്നതിനും കൂടുതൽ പ്രാധാന്യം നൽകുന്ന സാഹചര്യത്തിലാണ് ഈ നിർദേശം.

