സംസ്ഥാനത്ത് കനത്ത മഴ നാശം വിതയ്ക്കുന്നു ; 8 ജില്ലകളിൽ റെഡ് അലർട്ട്, ഉരുൾപൊട്ടലിൽ രണ്ട് മരണം; നടപടികൾ ഏകോപിപ്പിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ കനത്ത മഴയും അതിശക്തമായ കാറ്റും തുടരുന്നു. പ്രകൃതിദുരന്ത സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് 8 ജില്ലകളിൽ ചുവപ്പ് (റെഡ്) ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് നിലവിലുള്ളത്. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഞ്ഞ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

പൂഞ്ഞാറിൽ ഉരുൾപൊട്ടൽ: രണ്ട് മരണം

കോട്ടയം പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർ മരണപ്പെട്ടു. മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീന (46), മകൻ ജോസഫിൻ ജോണി (28) എന്നിവരാണ് മരിച്ചത്. പുലർച്ചെ നാലരയോടെയുണ്ടായ അപകടത്തിൽ വീട് പൂർണ്ണമായി തകർന്നു. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. സംഭവസ്ഥലം എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കലും ജില്ലാ കളക്ടർ ചേതൻകുമാർ മീണയും സന്ദർശിച്ചു.

പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; കടൽക്ഷോഭവും അപകടങ്ങളും

ശക്തമായ മഴയിൽ പുഴകളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുകയാണ്. പെരിയാറിലെ കാലടി, ആലുവ, മംഗളപുഴ പോയിന്റുകളിൽ ജലനിരപ്പ് മുന്നറിയിപ്പ് നിലയോട് അടുത്തതോടെ ആലുവ മണപ്പുറം നടപ്പാലം വെള്ളത്തിനടിയിലായി.

തീരദേശ മേഖലകളിൽ രൂക്ഷമായ കടൽക്ഷോഭമാണ് അനുഭവപ്പെടുന്നത്. കോഴിക്കോട് ചാലിയം കപ്പലങ്ങാടി ബീച്ചിൽ പുലർച്ചെ ബോട്ട് കരയ്ക്കടുപ്പിക്കാനാവാതെ കുടുങ്ങിയ 16 മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാൽ തിരുവനന്തപുരം മുതലപ്പൊഴിയിൽ കടലിൽ കാണാതായ രണ്ടുപേർക്കായി കോസ്റ്റ് ഗാർഡിന്റെയും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

അടിയന്തര നടപടികളുമായി സർക്കാർ

സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യങ്ങൾ നേരിടാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. വിവിധ ജില്ലകളിൽ ജനപ്രതിനിധികളും മന്ത്രിമാരും നേരിട്ടെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. തിരുവനന്തപുരത്ത് സി.പി. ജോൺ, പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥ്, കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ് എന്നിവർ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിർവ്വഹിക്കും. അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ കളക്ടർമാർക്കും വിവിധി വകുപ്പുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *