ദക്ഷിണ ഓസ്‌ട്രേലിയൻ തീരത്ത് പക്ഷിപ്പനി പടരുന്നു; കൂട്ടപ്പക്ഷിമരണം രേഖപ്പെടുത്തി

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയിൽ മാരകമായ എച്ച്5എൻ1 (H5N1) പക്ഷിപ്പനി ബാധിച്ച് എൺപതിലധികം പക്ഷികൾ ചത്തൊടുങ്ങുകയോ രോഗബാധിതരാവുകയോ ചെയ്തതായി റിപ്പോർട്ട്. രോഗം സ്ഥിരീകരിച്ച് വെറും ആറ് ആഴ്ചകൾക്കുള്ളിലാണ് രാജ്യത്തെ ആദ്യത്തെ കൂട്ടപ്പക്ഷിമരണ സംഭവം ദക്ഷിണ ഓസ്‌ട്രേലിയൻ തീരത്ത് രേഖപ്പെടുത്തുന്നത്. ദക്ഷിണ ഓസ്‌ട്രേലിയയിലെ റോബിന് സമീപമുള്ള ബോഡിൻ റോക്‌സിൽ നടത്തിയ ഹെലികോപ്റ്റർ നിരീക്ഷണത്തിലാണ് 49 ക്രെസ്റ്റഡ് ടേണുകളെ ചത്ത നിലയിലും 35 എണ്ണത്തിനെ രോഗബാധിതമായ നിലയിലും കണ്ടെത്തിയത്.

ചത്ത പക്ഷികളുടെ സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. പക്ഷിപ്പനി ബാധിച്ചുള്ള രാജ്യത്തെ ആദ്യ കൂട്ടപ്പക്ഷിമരണ സംഭവമായിരിക്കാം ഇതെന്ന് ദക്ഷിണ ഓസ്‌ട്രേലിയൻ ചീഫ് വെറ്ററിനറി ഓഫീസർ സ്കൈ ഫ്രുവാൻ അറിയിച്ചു. തീരദേശത്ത് മാത്രമല്ല, ധാരാളം കോഴിവളർത്തൽ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന മൊണാർട്ടോ എന്ന ഉൾനാടൻ പ്രദേശത്തും പക്ഷികളിൽ രോഗബാധ സംശയിക്കുന്നത് അധികാരികളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

കടൽക്കാക്കകളിൽ പെട്ട ‘സിൽവർ ഗൾ’ ഇനം പക്ഷികളിലും കംഗാരു ഐലന്റിലെ അപൂർവ്വയിനം കടൽനായ്ക്കളിലും രോഗബാധ സംശയിക്കുന്നുണ്ട്. ലോകമെമ്പാടും പതിനായിരക്കണക്കിന് കടൽനായ്ക്കൾ ഈ രോഗം മൂലം ചത്തൊടുങ്ങിയിട്ടുള്ളതിനാൽ ഓസ്‌ട്രേലിയയിലും നിലവിലെ സ്ഥിതി കടുത്ത ആശങ്ക ഉയർത്തുന്നുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ വ്യക്തമാക്കി. വൈറസ് പടരുന്നത് തടയുക പ്രായോഗികമായി പ്രയാസകരമാണെങ്കിലും അധികൃതർ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *