വിക്ടോറിയൻ തിരഞ്ഞെടുപ്പ്, വോറൻ പിക്രിംഗിനെ പാർട്ടി നേതാവായി പ്രഖ്യാപിച്ച് വൺ നേഷൻ; മാധ്യമങ്ങൾക്ക് വിലക്ക്

മെൽബൺ: വരാനിരിക്കുന്ന വിക്ടോറിയൻ നിയമസഭാ തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കിനിൽക്കെ, മുൻ സൈനിക ഉദ്യോഗസ്ഥനായ വോറൻ പിക്രിംഗിനെ (Warren Pickering) വിക്ടോറിയയിലെ പാർട്ടി നേതാവായി പ്രഖ്യാപിച്ച് വൺ നേഷൻ പാർട്ടി. പാർട്ടി അധ്യക്ഷ പോളിൻ ഹാൻസന്റെ സാന്നിധ്യത്തിൽ മെൽബണിൽ ചേർന്ന വാർത്താസമ്മേളനത്തിലാണ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയും പാർട്ടി നേതൃത്വത്തെയും പ്രഖ്യാപിച്ചത്.

43-കാരനായ വോറൻ പിക്രിംഗ്, നിയമനിർമ്മാണ കൗൺസിലിലേക്ക് മത്സരിക്കുന്ന പ്രമുഖ സ്ഥാനാർത്ഥികളുടെ നിരയെ നയിക്കും. ആദ്യമായി വിക്ടോറിയൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വൺ നേഷൻ എം.പി റിക്കി-ലീ ടൈറെൽ (Rikkie-Lee Tyrrell), മുൻ ലിബറൽ പാർട്ടി നേതാവും വിദ്യാഭ്യാസ വിദഗ്ധയുമായ കൊളീൻ ഹാർക്കിൻ (Colleen Harkin) എന്നിവരടക്കം എട്ട് പ്രമുഖ സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം, വാർത്താസമ്മേളനത്തിൽ നിന്ന് പ്രമുഖ മാധ്യമങ്ങളെ പോളിൻ ഹാൻസൺ വിലക്കിയത് വലിയ വിവാദത്തിന് വഴിതെളിച്ചു. ഈ മാധ്യമങ്ങൾ കള്ളങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തുകയാണെന്നും വസ്തുതാപരമായ മാധ്യമപ്രവർത്തനത്തെ മാത്രമേ പ്രോത്സാഹിപ്പിക്കൂ എന്നും ഹാൻസൺ പറഞ്ഞു. ഈ നടപടി ജനാധിപത്യ വിരുദ്ധമല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “വ്യാജ പ്രചാരണങ്ങളിലൂടെ സ്ഥാനാർത്ഥികളെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചാൽ ശക്തമായ നിയമനടപടി സ്വീകരിക്കും” എന്നായിരുന്നു വോറൻ പിക്രിംഗിന്റെ മറുപടി.

സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും വൺ നേഷൻ സ്ഥാനാർത്ഥികളെ നിർബന്ധമായും മത്സരരംഗത്തിറക്കുമെന്ന് പാർട്ടി വ്യക്തമാക്കി. കുറ്റകൃത്യങ്ങളുടെ വർദ്ധനവ്, യൂണിയനുകളിലെ അഴിമതി, ഭവന പ്രതിസന്ധി എന്നിവ ഉയർത്തിക്കാട്ടിയാകും വൺ നേഷൻ പ്രചാരണം നയിക്കുക.

ഏറ്റവും പുതിയ അഭിപ്രായ സർവേകളിൽ വിക്ടോറിയയിൽ വൺ നേഷൻ ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നതായി സൂചനയുണ്ട്. ഇതോടെ, ഭരണം നിലനിർത്താൻ ശ്രമിക്കുന്ന ഭരണകക്ഷിയായ ലേബർ പാർട്ടിക്കും പ്രതിപക്ഷമായ ലിബറൽ-നാഷണൽ സഖ്യത്തിനും ഒരുപോലെ വെല്ലുവിളിയുയർത്താൻ വൺ നേഷന് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *