ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരിലെ ജനകീയ പ്രക്ഷോഭങ്ങളും തെരഞ്ഞെടുപ്പ് ക്രമക്കേടുകളും പാക് സൈന്യവും സർക്കാരും നടത്തുന്ന അടിച്ചമർത്തലുകളും പുറത്തുകൊണ്ടുവന്ന അന്താരാഷ്ട്ര മാധ്യമ ശൃംഖലയായ ‘അൽ ജസീറ’യ്ക്ക് വിലക്കേർപ്പെടുത്തി പാകിസ്താൻ. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ജസീറയുടെ ഇംഗ്ലീഷ് വെബ്സൈറ്റിനും വാർത്താ സംപ്രേഷണത്തിനുമാണ് രാജ്യത്ത് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള പാക് സർക്കാർ ഔദ്യോഗികമായി നിരോധനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, രാജ്യത്തുടനീളമുള്ള ഉപയോക്താക്കൾക്ക് അൽ ജസീറ വെബ്സൈറ്റും ചാനൽ സംപ്രേഷണവും ലഭ്യമാകുന്നില്ലെന്ന് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. പ്രദേശത്തെ യാഥാർഥ്യങ്ങൾ ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സർക്കാരിന്റെയും സൈന്യത്തിന്റെയും ഈ പ്രതികാര നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിന് പുറമെ പ്രക്ഷോഭ മേഖലകളിൽ നിന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്ത നിരവധി പ്രാദേശിക മാധ്യമപ്രവർത്തകരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള പാക് സർക്കാരിന്റെ കടന്നുകയറ്റത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

