മോസ്‌കോ: യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് റഷ്യയിലെ യാരോസ്ലാവ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ലാവ്നെഫ്റ്റ്–യാനോസ് (Slavneft-YANOS) എണ്ണ ശുദ്ധീകരണശാലയിൽ തീപിടിത്തമുണ്ടായി. തീ പിന്നീട് അണച്ചതായി പ്രാദേശിക ഗവർണർ മിഖായേൽ എവ്‌റയേവ് അറിയിച്ചു.
റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ 93 ഡ്രോണുകൾ തകർത്തതായി റഷ്യൻ അധികൃതർ അവകാശപ്പെട്ടു. ആക്രമണത്തിൽ വീണ ഡ്രോൺ അവശിഷ്ടങ്ങളാണ് റിഫൈനറിയിൽ തീപിടിത്തത്തിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. നാല് പേർക്ക് പരിക്കേറ്റെങ്കിലും മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, റഷ്യയിലെ യാരോസ്ലാവ് മേഖലയിലെയും ബഷ്കോർട്ടോസ്താനിലെയും എണ്ണ ശുദ്ധീകരണശാലകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലെൻസ്‌കി സ്ഥിരീകരിച്ചു. റഷ്യയുടെ യുദ്ധസാമ്പത്തിക ശേഷി ദുർബലപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങൾ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

