റൊണാൾഡോ–ജോർജിന വിവാഹം; ഓഗസ്റ്റ് 8ന് വിവാഹമെന്ന പ്രചാരണം വ്യാജം

ക്രിസ്റ്റ്യാനോ റൊണാൾഡോയും ദീർഘകാല പങ്കാളിയായ ജോർജിന റോഡ്രിഗസും ഓഗസ്റ്റ് 8ന് പോർച്ചുഗലിലെ മദെയ്‌റയിൽ വിവാഹിതരാകുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് റിപ്പോർട്ടുകൾ. റൊണാൾഡോയുടെ സഹോദരിമാരായ കാറ്റിയ അവെയ്‌റോയും എൽമ അവെയ്‌റോയും വിവാഹം ഈ വർഷം നടക്കില്ലെന്ന് വ്യക്തമാക്കിയതായി ദി വീക്ക് റിപ്പോർട്ട് ചെയ്തു.

മദെയ്‌റയിലെ ഫുഞ്ചാൽ കത്തീഡ്രലിലാണ് വിവാഹച്ചടങ്ങെന്നും തുടർന്ന് സാവോയ് പാലസ് ഹോട്ടലിൽ ആഘോഷപരിപാടികൾ നടക്കുമെന്നും നേരത്തെ പ്രചാരണമുണ്ടായിരുന്നു. വിവാഹത്തിന്റേതെന്ന പേരിൽ വ്യാജ ക്ഷണക്കത്തുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ ഫുഞ്ചാൽ കത്തീഡ്രലുമായി നടത്തിയ അന്വേഷണത്തിൽ റൊണാൾഡോയുടെയോ ജോർജിനയുടെയോ പേരിൽ വിവാഹം ബുക്ക് ചെയ്തിട്ടില്ലെന്ന് സ്ഥിരീകരിച്ചതായും റിപ്പോർട്ടിലുണ്ട്.

വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായതോടെ റൊണാൾഡോയുടെ കുടുംബാംഗങ്ങളിൽനിന്നും നിഷേധപ്രതികരണങ്ങൾ ഉണ്ടായി. ജോർജിന വിവാഹം റൊണാൾഡോയുടെ ഫുട്ബോൾ കരിയർ അവസാനിച്ചതിന് ശേഷമായിരിക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

2016 മുതൽ ഒരുമിച്ചുള്ള റൊണാൾഡോയും ജോർജിനയും 2025 ഓഗസ്റ്റിലാണ് വിവാഹനിശ്ചയം പ്രഖ്യാപിച്ചത്. വിവാഹനിശ്ചയം നടന്നിട്ടുണ്ടെങ്കിലും ഓഗസ്റ്റ് 8ന് വിവാഹം നടക്കുമെന്നതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. അതിനാൽ സമൂഹമാധ്യമങ്ങളിലെ വിവാഹദിനം സംബന്ധിച്ച പ്രചാരണം സ്ഥിരീകരിക്കാത്ത അഭ്യൂഹമായി മാത്രമേ കാണാനാകൂ.

Leave a Reply

Your email address will not be published. Required fields are marked *