വർക്ക് വിസ മാറ്റങ്ങളിൽ എൻ.സെഡ് ഫസ്റ്റ് നയം; സ്വാഗതം ചെയ്തും ആശങ്കയോടെയും കുടിയേറ്റ സംഘടനകൾ

വെല്ലിങ്ടൺ: നിലവിലെ അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വിസയ്ക്ക് (AEWV) പകരമായി കുടിയേറ്റ തൊഴിലാളികളെ ഒറ്റ തൊഴിലുടമയുമായി മാത്രം ബന്ധിപ്പിക്കാത്ത പുതിയ വിസ സംവിധാനം ഏർപ്പെടുത്തുമെന്ന ന്യൂസിലൻഡ് ഫസ്റ്റ് (NZ First) പാർട്ടിയുടെ നയത്തെ സ്വാഗതം ചെയ്ത് കുടിയേറ്റ സംഘടനകൾ. തൊഴിലാളികളെ ഒറ്റ സ്ഥാപനത്തിൽ മാത്രം കെട്ടിയിടുന്നത് വൻതോതിലുള്ള ചൂഷണങ്ങൾക്ക് വഴിവെക്കുന്നുണ്ടെന്നും ഈ പശ്ചാത്തലത്തിൽ നിർദ്ദിഷ്ട മാറ്റങ്ങൾ നല്ലൊരു തുടക്കമാണെന്നും മൈഗ്രന്റ് വർക്കേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അനു കലോട്ടി വ്യക്തമാക്കി. എന്നാൽ തൊഴിലാളികൾ നേരിടുന്ന ചൂഷണങ്ങളും മനുഷ്യക്കടത്തും തടയുന്നതിനുള്ള ഈ നീക്കം ഒരുപാട് വൈകിപ്പോയെന്നും അവർ ചൂണ്ടിക്കാട്ടി.

അതേസമയം, ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഇമിഗ്രേഷൻ നയങ്ങളിൽ ഇത്തരത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നത് രാജ്യത്തെ ബിസിനസ് മേഖലയെയും കുടിയേറ്റ സമൂഹത്തെയും വലിയ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുമെന്ന് ഇമിഗ്രേഷൻ അഡ്വൈസർ അരുണിമ ധീംഗ്ര മുന്നറിയിപ്പ് നൽകി.

പുതിയ നയം അനുസരിച്ച് തൊഴിൽ മേഖലയ്ക്കും പ്രദേശത്തിനും അടിസ്ഥാനമാക്കിയായിരിക്കും ഇനി വിസകൾ അനുവദിക്കുക. രാജ്യത്തെ തൊഴിലവസരങ്ങളിൽ ന്യൂസിലൻഡുകാർക്ക് പ്രഥമ പരിഗണന നൽകാനും, റീട്ടെയിൽ മേഖലയിലെ വിദേശ വർക്ക് വിസകൾ നിയന്ത്രിക്കാനുമാണ് പുതിയ പോളിസിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എൻ.സെഡ് ഫസ്റ്റ് നേതാവ് വിൻസ്റ്റൺ പീറ്റേഴ്സ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *