ഓസ്‌ട്രേലിയൻ എംപി ഹെലൻ ഹെയ്ൻസിന് നേരെ നടന്നത് വധശ്രമം; ഒരു കാൽ നഷ്ടപ്പെട്ടു, അക്രമി പിടിയിൽ

മെൽബൺ: സ്വതന്ത്ര ഫെഡറൽ പാർലമെന്റ് അംഗം (എംപി) ഹെലൻ ഹെയ്ൻസിനെ (65) വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം. വടക്കൻ വിക്ടോറിയയിലെ വാങ്കരട്ടയിലുള്ള അവരുടെ ഓഫീസിന് സമീപം നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഹെലൻ ഹെയ്ൻസിന്റെ ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്നു. രണ്ടാമത്തെ കാൽ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടർമാർ. വിദഗ്ധ അടിയന്തര ശസ്ത്രക്രിയകൾക്കായി ഇവരെ വിമാനമാർഗ്ഗം മെൽബണിലെ ആൽഫ്രഡ് ആശുപത്രിയിലേക്ക് മാറ്റി. ഹെലന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ടൊയോട്ട ലാൻഡ് ക്രൂയിസർ ഓടിച്ചിരുന്ന ടാരാവിംഗി സ്വദേശിയായ ബ്രെണ്ടൻ ന്യൂജന്റ് (43) എന്നയാളെ സംഭവസ്ഥലത്തുനിന്ന് തന്നെ അറസ്റ്റ് ചെയ്തു. ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്ന് വിക്ടോറിയ പൊലീസ് സ്ഥിരീകരിച്ചു. മനപ്പൂർവം ഗുരുതരമായി പരിക്കേൽപ്പിക്കൽ, അശ്രദ്ധമായി വാഹനം ഓടിക്കൽ, പൊതുപ്രവർത്തകരെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ വാങ്കരട്ട മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

സംഭവം ഇങ്ങനെ:

തിങ്കളാഴ്ച വൈകിട്ടോടെ ഓഫീസിന് പുറത്തുനിൽക്കുകയായിരുന്ന ഹെലൻ ഹെയ്ൻസിനെ ലക്ഷ്യമിട്ട് പ്രതി വാഹനം യു-ടേൺ എടുത്ത് പാർക്കിങ് ഏരിയയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഹെലനെ സമീപത്തെ മറ്റൊരു വാഹനത്തിലേക്ക് ഇടിപ്പിച്ചുനിർത്തിയ ശേഷം വാഹനം പിന്നോട്ടെടുത്ത് വീണ്ടും രണ്ടാമതും ഇടിച്ചു.

ശബ്ദം കേട്ട് സമീപത്തെ ബാർബർ ഷോപ്പിൽ നിന്ന് ഓടിയെത്തിയ റിക്കി ജെഫ്രീസ് എന്നയാൾ പ്രതിയെ കാറിൽ നിന്ന് ബലമായി പിടിച്ചിറക്കി കീഴടക്കുകയായിരുന്നു. പ്രതിയുടെ പക്കൽ കത്തി ഉണ്ടായിരുന്നെങ്കിലും ആക്രമിക്കാൻ ശ്രമിക്കുന്നതിന് മുൻപ് റിക്കി ഇയാളെ കീഴ്‌പ്പെടുത്തി പൊലീസ് എത്തുന്നതുവരെ തടഞ്ഞുവെച്ചു. റിക്കി ജെഫ്രീസിന്റെ ധീരമായ ഇടപെടലിനെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു.

ഹെലൻ ഹെയ്ൻസ് സത്യസന്ധയും ജനങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്നതുമായ മികച്ച ഒരു ജനപ്രതിനിധിയാണെന്നും ഈ ആക്രമണം തികച്ചും ആസൂത്രിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, ഹെലൻ തങ്ങളുടെ ഇരുപത് വർഷത്തിലേറെയായുള്ള അടുത്ത സുഹൃത്താണെന്നും മകന്റെ ഭാഗത്തുനിന്നുണ്ടായ ഈ ക്രൂരകൃത്യം താങ്ങാനാവാത്തതാണെന്നും പൊലീസ് അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും പ്രതിയുടെ മാതാപിതാക്കൾ പ്രതികരിച്ചു. 2019 മുതൽ ഓസ്‌ട്രേലിയൻ ഫെഡറൽ പാർലമെന്റിൽ അംഗമാണ് ഹെലൻ ഹെയ്ൻസ്.

Leave a Reply

Your email address will not be published. Required fields are marked *