ഓസ്‌ട്രേലിയയിൽ പത്തിൽ ഒരാളെന്ന തോതിൽ കൗമാരക്കാർ ‘സെക്‌സ്‌റ്റോർഷൻ’ ഭീഷണി നേരിടുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ട്

മെൽബൺ: ഓസ്‌ട്രേലിയയിലെ കൗമാരക്കാരിൽ പത്തിൽ ഒരാളിലധികം പേർ ലൈംഗിക ബ്ലാക്ക്‌മെയിലിംഗിന് (സെക്‌സ്‌റ്റോർഷൻ) ഇരയാകുന്നതായി ഔദ്യോഗിക പഠന റിപ്പോർട്ട്. ഇരയാക്കപ്പെടുന്ന ഭൂരിഭാഗം പേരും 16 വയസ്സ് തികയുന്നതിന് മുൻപ് തന്നെ ഇത്തരം സൈബർ കെണികളിൽ അകപ്പെടുന്നുണ്ടെന്ന് ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജിയും ഇ-സേഫ്റ്റി കമ്മീഷണറും സംയുക്തമായി നടത്തിയ പഠനം വ്യക്തമാക്കുന്നു. വിക്ടോറിയൻ സെനറ്റർ മിഷേൽ ആനന്ദ-രാജയാണ് ഈ ആശങ്കാജനകമായ കണ്ടെത്തലുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

16 മുതൽ 18 വയസ്സ് വരെയുള്ള 1,953 കൗമാരക്കാരിലാണ് സർവേ നടത്തിയത്. ഇവരിൽ 11.3 ശതമാനം പേരും തങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ സെക്‌സ്‌റ്റോർഷൻ ഭീഷണി നേരിട്ടവരാണ്. ഇതിൽ 57.7 ശതമാനം പേരും 16 വയസ്സിന് മുൻപാണ് ഇരകളായത്. ആൺകുട്ടികളും പെൺകുട്ടികളും വ്യത്യസ്ത രീതിയിലുള്ള ഭീഷണികളാണ് നേരിടുന്നത്. ഭീഷണി നേരിട്ട ആൺകുട്ടികളിൽ ഭൂരിഭാഗത്തോടും (79.3%) പണമാണ് ആവശ്യപ്പെട്ടതെങ്കിൽ, പെൺകുട്ടികളിൽ ഭൂരിഭാഗത്തോടും (59.5%) കൂടുതൽ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ആവശ്യപ്പെട്ടത്.

വ്യക്തികളുടെ സ്വകാര്യ ചിത്രങ്ങളോ വീഡിയോകളോ കൈക്കലാക്കി, പണമോ മറ്റ് ചിത്രങ്ങളോ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതാണ് സെക്‌സ്‌റ്റോർഷൻ. പലപ്പോഴും യഥാർത്ഥ ചിത്രങ്ങൾക്ക് പകരം സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ച (മോർഫ് ചെയ്ത) ദൃശ്യങ്ങൾ ഉപയോഗിച്ചും ബ്ലാക്ക്‌മെയിലിംഗ് നടക്കുന്നുണ്ട്. ഭീഷണി നേരിട്ടവരിൽ 41.4 ശതമാനം പേരും വ്യാജമായി നിർമ്മിച്ച ഉള്ളടക്കങ്ങളുടെ പേരിലാണ് ചൂഷണത്തിന് ഇരയായത്. കൂടാതെ, ഇരകളിൽ 64.6 ശതമാനം പേരും നേരിട്ട് കണ്ടിട്ടില്ലാത്ത, ഓൺലൈനിലൂടെ മാത്രം പരിചയപ്പെട്ടവരിൽ നിന്നാണ് ഇത്തരം ചൂഷണങ്ങൾ നേരിട്ടതെന്നും റിപ്പോർട്ട് പറയുന്നു.

ഇത്തരം ഭീഷണികൾ നേരിടുന്നവർ അക്രമികളുമായുള്ള ആശയവിനിമയം ഉടൻ അവസാനിപ്പിക്കണമെന്നും, പണം നൽകുകയോ കൂടുതൽ ചിത്രങ്ങൾ അയക്കുകയോ ചെയ്യരുതെന്നും ഇ-സേഫ്റ്റി കമ്മീഷണർ മുന്നറിയിപ്പ് നൽകി. അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാതെ തന്നെ തെളിവുകൾ (ഭീഷണി സന്ദേശങ്ങൾ, അക്കൗണ്ട് വിവരങ്ങൾ മുതലായവ) സൂക്ഷിച്ചുവെച്ച ശേഷം അക്രമികളെ ബ്ലോക്ക് ചെയ്യുകയും നിയമപാലകരെ വിവരമറിയിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *