പാക്കറ്റിൽ 15 ഗ്രാം, തുറന്നപ്പോൾ വെറും 4 ഗ്രാം; ലെയ്‌സ് നിർമാതാക്കളായ പെപ്സികോയ്ക്ക് വൻ പിഴ ചുമത്തി ഉപഭോക്തൃ കോടതി

ജയ്പുർ: പാക്കറ്റിന് പുറത്ത് 15 ഗ്രാം തൂക്കം രേഖപ്പെടുത്തി ഉള്ളിൽ വെറും 4 ഗ്രാം പൊട്ടറ്റോ ചിപ്സ് മാത്രം നൽകിയ സംഭവത്തിൽ പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സികോ ഇന്ത്യയ്ക്ക് ഉപഭോക്തൃ കോടതി വൻ തുക പിഴ ചുമത്തി. പരാതിക്കാരന് നഷ്ടപരിഹാരവും പലിശയും നൽകാൻ ജയ്പുർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. ജയ്പുരിലെ വ്യാപാരിയായ ചന്ദ്രമൻ ജലാൻ നൽകിയ പരാതിയിലാണ് കോടതിയുടെ നിർണായക നടപടി.

2020 നവംബർ 10-നായിരുന്നു കേസിനാസ്പദമായ സംഭവം. മെട്രോ കാഷ് ആൻഡ് കാരി ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങിയ ലെയ്‌സ് പാക്കറ്റ് തുറന്നപ്പോഴാണ് അളവിലെ വലിയ കുറവ് ശ്രദ്ധയിൽപ്പെട്ടത്. പാക്കറ്റിൽ 15 ഗ്രാം എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും ഭാരം പരിശോധിച്ചപ്പോൾ വെറും 4 ഗ്രാം ചിപ്സ് മാത്രമാണുണ്ടായിരുന്നത്.

ഇതേക്കുറിച്ച് സാധനം വാങ്ങിയ കടയുടമയോട് പരാതിപ്പെട്ടെങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ല. തുടർന്നാണ് കൃത്യമായ അളവ് നൽകാതെ ഉപഭോക്താവിനെ വഞ്ചിച്ചതിനെതിരെ 2022 ഏപ്രിലിൽ വ്യാപാരി ജയ്പുർ ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. വിശദമായ വാദം കേട്ട ശേഷമാണ് കമ്പനിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തി കോടതി പെപ്സികോയ്ക്ക് പിഴയും നഷ്ടപരിഹാരവും വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *