ടോക്കിയോ: ജപ്പാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 7.15ഓടെയാണ് ഭൂചലനമുണ്ടായത്. മിയെ പ്രിഫെക്ചറിന്റെ തെക്കുകിഴക്കൻ തീരത്താണ് പ്രഭവകേന്ദ്രം. ഭൂചലനത്തിന്റെ ആഘാതത്തിൽ ഫുകുഷിമ പ്രിഫെക്ചറിന്റെ ചില ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു.
ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച് ഭൂനിരപ്പിൽനിന്ന് ഏകദേശം 350 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഫുകുഷിമയിലെ ചില പ്രദേശങ്ങളിൽ ജപ്പാനിലെ ഏഴു പോയിന്റ് തീവ്രതാ സ്കെയിലിൽ മൂന്നാം നിലയിലുള്ള പ്രകമ്പനം രേഖപ്പെടുത്തി.
ഹൊക്കൈഡോ മുതൽ ടോക്കിയോ, കനഗാവ മേഖലകൾ വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഭൂചലനത്തിന്റെ ആഴം കാരണം പ്രഭവകേന്ദ്രത്തിൽനിന്ന് അകലെയുള്ള പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിലയിരുത്തൽ.
ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.

