ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ജനകീയ വിചാരണ നടത്തി പ്രതിപക്ഷമായ ഇന്ത്യ സഖ്യം. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ, വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചാണ് ശനിയാഴ്ച ന്യൂഡൽഹിയിൽ പ്രതീകാത്മക വിചാരണ സംഘടിപ്പിച്ചത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന പരിപാടിയിൽ 250ലധികം പ്രതിപക്ഷ എംപിമാർ പങ്കെടുത്തു. മുൻ ലോക്സഭാ സ്പീക്കർ മീര കുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഗ്യാനേഷ് കുമാറിനെതിരെ ആറ് ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രമേയം അവതരിപ്പിച്ചു. തുടർന്ന് പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ബിജെപിയുമായി ചേർന്ന് ഗ്യാനേഷ് കുമാർ ഗൂഢാലോചന നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. എസ്ഐആർ നടപടികളിലൂടെ 13.2 കോടി വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തതായും വോട്ടർ രജിസ്ട്രേഷനുള്ള ഫോം 6 പാർലമെന്റിന്റെ അറിവോ അംഗീകാരമോ ഇല്ലാതെ മാറ്റിയതായും പ്രതിപക്ഷം ആരോപിച്ചു.
ഇലക്ടറൽ റോളുകളുടെ നിയന്ത്രണം ഇസിഐനെറ്റ് സോഫ്റ്റ്വെയർ വഴി കേന്ദ്രീകരിച്ചതും മറ്റു രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ തീരുമാനങ്ങളെടുക്കുന്നതിൽനിന്ന് ഒഴിവാക്കിയതും ആരോപണങ്ങളിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രവർത്തനം ഉറപ്പാക്കുന്നതിൽ ഗ്യാനേഷ് കുമാർ പരാജയപ്പെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
ഗ്യാനേഷ് കുമാറിനെ ഉടൻ സ്ഥാനത്തുനിന്ന് നീക്കണമെന്നും രാജ്യത്തോടും ഭരണഘടനയോടും രാജ്യദ്രോഹം ചെയ്തതിന് നിയമനടപടി സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രതീകാത്മക വിചാരണയെ രാഷ്ട്രീയ ആയുധമെന്ന് വിശേഷിപ്പിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വോട്ടവകാശം സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണിതെന്ന് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.
അതേസമയം, നവംബർ ഒന്നിന് രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം വൻ റാലിയും മാർച്ചും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ്ഐആർ നടപടികൾക്കെതിരെയും നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് റാലി.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ നിഷേധിച്ചിരുന്നു. ഫോം 6 മാറ്റിയെന്ന ആരോപണം തള്ളിയ കമ്മിഷൻ, ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന ആവശ്യം നിയമപരമായി നിലനിൽക്കില്ലെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

