മലബാറിലെ റോഡ് വികസനത്തിന് 570 കോടി രൂപയുടെ കേന്ദ്രാനുമതി; നിർമാണം ഡിസംബറിൽ ആരംഭിക്കും

തിരുവനന്തപുരം: മലബാറിലെ പ്രധാന റോഡുകളുടെ വികസനത്തിനായി 570 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര അനുമതി. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 21 റോഡ് പദ്ധതികൾക്കാണ് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചത്. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ഫലപ്രദമായ ചർച്ചകളെ തുടർന്നാണ് ഈ പദ്ധതികൾക്ക് അനുമതിയായത്. മേജർ ഡിസ്ട്രിക്ട് റോഡുകൾ, ഓർഡിനറി ഡിസ്ട്രിക്ട് റോഡുകൾ, കോർപ്പറേഷൻ റോഡുകൾ എന്നിവയാണ് മലബാർ മേഖലയിൽ നവീകരിക്കുക.

സംസ്ഥാനത്താകെ 39 റോഡ് വികസന പദ്ധതികൾക്കായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിൽനിന്ന് 988.75 കോടി രൂപയുടെ അനുമതി ലഭ്യമായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (CRIF) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. ഇതിലൂടെ സംസ്ഥാനത്ത് ആകെ 486.33 കിലോമീറ്റർ റോഡുകളുടെ സമഗ്ര വികസനം സാധ്യമാകും. കേന്ദ്രം അനുവദിച്ച ആകെ തുകയിൽ പകുതിയിലധികവും (570 കോടി രൂപ) മലബാർ മേഖലയിലെ പദ്ധതികൾക്കാണ് ലഭ്യമായിരിക്കുന്നത്. ഭരണാനുമതി ലഭിച്ച പദ്ധതികളുടെ സാങ്കേതിക, സാമ്പത്തിക നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ ഡിസംബറിൽ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *