തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (നവംബർ 09) നാളെയും (നവംബർ 10) മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തുടർന്ന് നവംബർ 11 മുതൽ നവംബർ 13 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വീട്ടുപകരണങ്ങൾക്കും ഇടിമിന്നൽ വലിയ നാശനഷ്ടം സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ, കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഇടിമിന്നലിന്റെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടാലുടൻ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കാതെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ശക്തമായ കാറ്റും മിന്നലുമുള്ളപ്പോൾ ജനലുകളും വാതിലുകളും അടച്ചിടുകയും അവയുടെ അരികിൽ നിൽക്കാതിരിക്കുകയും വേണം. ഭിത്തിയിലോ തറയിലോ സ്പർശിക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ലാൻഡ്ഫോൺ ഉപയോഗം ഒഴിവാക്കണമെങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.
മേഘാവൃതമായ അന്തരീക്ഷത്തിൽ കുട്ടികളടക്കമുള്ളവർ തുറസ്സായ സ്ഥലങ്ങളിലും ടെറസിലും കളിക്കുന്നത് ഒഴിവാക്കണം. മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനം പാർക്ക് ചെയ്യുകയോ അരുത്. കാറ്റിൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടിവെക്കണം. അടച്ചുമൂടിയ വാഹനങ്ങൾക്കുള്ളിൽ സുരക്ഷിതരായിരിക്കുമെങ്കിലും കൈകാലുകൾ പുറത്തിടരുത്. ഇരുചക്രവാഹനങ്ങൾ, ട്രാക്ടർ എന്നിവയിലുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കണം. ഇടിമിന്നലുള്ളപ്പോൾ കുളിക്കുന്നതും ടാപ്പിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും തുണികൾ എടുക്കാൻ പുറത്തിറങ്ങുന്നതും ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളിൽ കുളിക്കുന്നതും മീൻപിടുത്തവും ബോട്ടിംഗും നിർത്തിവെച്ച് ഉടൻ കരയിലേക്ക് മാറണം. വളർത്തുമൃഗങ്ങളെ മഴമേഘങ്ങൾ കാണുന്ന സമയത്ത് അഴിക്കാനോ മാറ്റിപ്പാർപ്പിക്കാനോ ശ്രമിക്കരുത്. ഏതെങ്കിലും കാരണവശാൽ തുറസ്സായ സ്ഥലത്ത് കുടുങ്ങിപ്പോയാൽ പാദങ്ങൾ ചേർത്തുവെച്ച് തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ടിരിക്കണം.
മിന്നലേറ്റ ആളുടെ ശരീരത്തിൽ വൈദ്യുതപ്രവാഹം ഉണ്ടാകില്ലെന്നതിനാൽ ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്. ആദ്യത്തെ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള നിർണ്ണായക നിമിഷങ്ങളാണെന്നും അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
ഇടിമിന്നൽ സാധ്യത മുൻകൂട്ടി അറിയാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്പ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. കാറ്റിനെ നേരിടാനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിൽ (sdma.kerala.gov.in/windwarning/) ലഭ്യമാക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദ ആംഗ്യ സന്ദേശവും സുരക്ഷാ മുന്നറിയിപ്പുകളും വരും ദിവസങ്ങളിൽ വ്യാപകമായി സംപ്രേഷണം ചെയ്യണമെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.

