തിരുവനന്തപുരം: സംസ്ഥാനത്തെ എഐ ക്യാമറകൾ കണ്ടെത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ചുമത്തിയ ആകെ പിഴത്തുക 1000 കോടി രൂപ കടന്നു. എന്നാൽ ഇതിൽ വലിയൊരു തുക ഇപ്പോഴും കുടിശ്ശികയായി തുടരുകയാണ്. ഇതുവരെ 365 കോടി രൂപ മാത്രമാണ് വാഹന ഉടമകളിൽ നിന്ന് പിരിച്ചെടുക്കാൻ സാധിച്ചത്. ബാക്കി 635 കോടി രൂപ ഇനിയും ഈടാക്കാനുണ്ട്.
‘സേഫ് കേരള’ പദ്ധതിയുടെ ഭാഗമായി എഐ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷമുള്ള മൂന്ന് വർഷത്തിനിടെ ഒന്നര കോടിയോളം നിയമലംഘനങ്ങളാണ് ക്യാമറകൾ വഴി കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 78 കോടി രൂപയുടെ പിഴ പുതുതായി രേഖപ്പെടുത്തി. മേയ് മാസം വരെയുള്ള കണക്കനുസരിച്ച് ആകെ പിഴത്തുക 922 കോടി രൂപയായിരുന്നു. അതേസമയം, വലിയ തോതിൽ പിഴ കുടിശ്ശിക നിലനിൽക്കുന്നുണ്ടെങ്കിലും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ എഐ ക്യാമറകൾ ശ്രദ്ധേയമായ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.
കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി സർക്കാർ ആംനെസ്റ്റി സ്കീം ഉൾപ്പെടെയുള്ള വിവിധ ഇളവുകൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. ക്യാമറകളെക്കുറിച്ചുള്ള ആദ്യകാല ഭയം കുറഞ്ഞതോടെ പിഴയടയ്ക്കുന്നതിൽ വലിയൊരു വിഭാഗം വാഹന ഉടമകളും വീഴ്ച വരുത്തുന്നതായാണ് കാണുന്നത്. 2023 ജൂണിൽ 220 കോടി രൂപ ചെലവഴിച്ചാണ് 675 എഐ ക്യാമറകൾ ഉൾപ്പെടുന്ന സേഫ് കേരള പദ്ധതിക്ക് തുടക്കം കുറിച്ചത്. കുടിശ്ശിക ബാക്കിയുണ്ടെങ്കിലും, ഇതുവരെ പിരിച്ചെടുത്ത 365 കോടി രൂപ തന്നെ പദ്ധതി ചെലവിന്റെ ഒന്നര ഇരട്ടിയിലധികമാണ്.

