ക്യാൻബെറ: ഓസ്ട്രേലിയൻ സർക്കാരിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി വൺ നാഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൺ. ഓസ്ട്രേലിയൻ ആഭ്യന്തര, കുടിയേറ്റ കാര്യ മന്ത്രി ടോണി ബർക്ക് പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ കുടിയേറ്റ നയം രാജ്യത്തേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് പകരം വർദ്ധിപ്പിക്കാനാണ് സഹായിക്കുകയെന്ന് തിങ്കളാഴ്ച പോളിൻ ഹാൻസൺ ആരോപിച്ചു. അടുത്ത നാല് വർഷത്തിനുള്ളിൽ 10 ലക്ഷം കുടിയേറ്റക്കാരെക്കൂടി രാജ്യത്തേക്ക് കൊണ്ടുവരാനാണ് ആൽബനീസ് സർക്കാർ നീക്കം നടത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ നാല് വർഷത്തിനിടെ തങ്ങൾ തന്നെ നിശ്ചയിച്ച കുടിയേറ്റ ലക്ഷ്യങ്ങളിൽ ഒന്നുപോലും കൈവരിക്കാൻ ഈ ദുർബലമായ സർക്കാരിന് സാധിച്ചിട്ടില്ലെന്ന് ഹാൻസൺ കുറ്റപ്പെടുത്തി. ലേബർ സർക്കാർ പ്രഖ്യാപിച്ചതും എന്നാൽ പിന്നീട് ഉയർന്നതുമായ കുടിയേറ്റ കണക്കുകൾ ചൂണ്ടിക്കാണിച്ചായിരുന്നു ഹാൻസന്റെ പ്രതികരണം. 2022 ഒക്ടോബറിൽ അറ്റ വിദേശ കുടിയേറ്റം (Net Overseas Migration) 2,35,000 ആയിരിക്കുമെന്ന് പ്രവചിച്ചിടത്ത് അത് 5,38,000 ആയി ഉയർന്നു. 2023 മേയിലെ 3,15,000 എന്ന കണക്ക് 4,29,000 ആയും, 2024 മേയിലെ 2,60,000 എന്ന കണക്ക് 3,06,000 ആയും കുതിച്ചുയർന്നു. തുടർന്ന് 2025 ഡിസംബറിലെ 2,60,000 എന്ന പ്രവചനം മേയ് ആയപ്പോഴേക്കും 2,95,000 ആയി സർക്കാർ തന്നെ തിരുത്തിക്കുറിച്ചതായും ഹാൻസൺ വ്യക്തമാക്കി.
കുടിയേറ്റ നിരക്കിലെ അനിയന്ത്രിതമായ വർദ്ധനവ് രാജ്യത്തെ ഭവന നിർമ്മാണ മേഖലയെയും വാടക നിരക്കുകളെയും പൊതുസേവനങ്ങളെയും ഗുരുതരമായി ബാധിച്ചതായി വൺ നാഷൻ നേതാവ് ആരോപിച്ചു. രാജ്യത്തെ വാടക നിരക്കുകൾ കുതിച്ചുയരാനും, സാധാരണക്കാർക്ക് വീട് സ്വന്തമാക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകാനും, ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റാനും ലേബർ സർക്കാരിന്റെ കുടിയേറ്റ നയങ്ങളാണ് കാരണമായതെന്ന് അവർ പറഞ്ഞു.
ഫാമിലി വിസ നിയമങ്ങൾ കടുപ്പിക്കുക, ബാക്ക്പാക്കർമാരുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്തുക, അഭയാർത്ഥികളുടെ ജോലി ചെയ്യാനും അപ്പീൽ നൽകാനുമുള്ള അവകാശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുപൂർണ്ണമായ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മന്ത്രി ടോണി ബർക്ക് നടത്താനിരുന്ന നാഷണൽ പ്രസ് ക്ലബ് പ്രസംഗം പാർട്ടിയിലെ ആഭ്യന്തര ഭിന്നതകളെ തുടർന്ന് മാറ്റിവെച്ച പശ്ചാത്തലത്തിലാണ് ഹാൻസന്റെ ഈ പ്രസ്താവന. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പുതിയ കുടിയേറ്റ നയത്തെക്കുറിച്ച് തിങ്കളാഴ്ച ആൽബനീസ് കാബിനറ്റ് ചർച്ച ചെയ്യും.

