തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് എൻസഫലൈറ്റിസ് (അമീബിക് മെനിംഗോഎൻസഫലൈറ്റിസ്) രോഗസാധ്യത ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. വേനൽക്കാലത്ത് ജലാശയങ്ങളിലെ ചൂട് കൂടുന്നതോടെ രോഗബാധയുടെ സാധ്യത വർധിക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി
ചൂടുള്ളതും മലിനമായതുമായ വെള്ളത്തിൽ കാണപ്പെടുന്ന നേഗ്ലേറിയ ഫൗളെറി പോലുള്ള അമീബകൾ മൂക്കിലൂടെ ശരീരത്തിലേക്ക് പ്രവേശിച്ച് മസ്തിഷ്കത്തെ ബാധിക്കുന്നതാണ് ഈ ഗുരുതര രോഗം. വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് രോഗം പകരില്ലെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു
പെട്ടെന്നുള്ള പനി, തലവേദന, ഛർദ്ദി, കഴുത്തുവേദന, പ്രകാശത്തെ അസഹിഷ്ണുത, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു
മലിനജലത്തിൽ കുളിക്കുന്നത്, നീന്തൽ, ഡൈവിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും കിണറുകൾ, ടാങ്കുകൾ എന്നിവ ശുചിയായി സൂക്ഷിച്ച് ആവശ്യമായ ക്ലോറിനേഷൻ നടത്തണമെന്നും അധികൃതർ നിർദേശിച്ചു. മൂക്കിലൂടെ വെള്ളം കടക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ രോഗനിർണയ സൗകര്യം ലഭ്യമാണെന്നും മുൻകരുതലുകളും നേരത്തെ ചികിത്സയും വഴി മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു.ജലസ്രോതസുകളുടെ ശുചിത്വം ഉറപ്പാക്കുകയും പൊതുജനങ്ങൾ ആരോഗ്യ നിർദേശങ്ങൾ പാലിക്കുകയും ചെയ്യുന്നത് രോഗവ്യാപനം തടയുന്നതിൽ നിർണായകമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

