കാൻബറ: നെഗറ്റീവ് ഗിയറിംഗിലും ക്യാപിറ്റൽ ഗെയിൻസ് ടാക്സിലും (CGT) മാറ്റം വരുത്തില്ലെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചതിനെ ന്യായീകരിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസി. ചൊവ്വാഴ്ച രാത്രി അവതരിപ്പിക്കുന്ന ഫെഡറൽ ബജറ്റിൽ ഭവന നയങ്ങളിൽ വലിയ അഴിച്ചുപണി പ്രഖ്യാപിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ വിശദീകരണം. മുൻപ് പലതവണ നിഷേധിച്ച നിലപാടിൽ നിന്നാണ് സർക്കാർ ഇപ്പോൾ പിന്മാറിയിരിക്കുന്നത്.
യുവതലമുറ നേരിടുന്ന ഭവന പ്രതിസന്ധിയും വിപണിയിലെ അസമത്വവും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ആൽബനീസി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ഭവന വിപണിയിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. പല യുവാക്കളും സ്വന്തമായി വീട് വാങ്ങുക എന്ന സ്വപ്നം ഉപേക്ഷിക്കുന്ന അവസ്ഥയിലാണെന്നും, നിലവിലെ സാഹചര്യങ്ങളോട് സർക്കാർ പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം എബിസി റേഡിയോ നാഷണലിൽ വ്യക്തമാക്കി.
പുതിയ മാറ്റങ്ങൾ ഇങ്ങനെ:
നെഗറ്റീവ് ഗിയറിംഗ്: 2027 മുതൽ സർക്കാർ നിശ്ചയിക്കുന്ന കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്ന പുതിയ വീടുകൾക്ക് (Newly-built homes) മാത്രമേ നെഗറ്റീവ് ഗിയറിംഗ് ആനുകൂല്യം ലഭിക്കൂ. നിലവിൽ നിക്ഷേപ വസ്തുക്കൾ ഉള്ളവർക്ക് ആനുകൂല്യം തുടരും. എന്നാൽ ബജറ്റ് പ്രഖ്യാപനത്തിന് ശേഷം പഴയ വീടുകൾ (Established properties) വാങ്ങുന്ന നിക്ഷേപകർക്ക് ഈ നികുതി ഇളവ് ലഭിക്കില്ല.
ക്യാപിറ്റൽ ഗെയിൻസ് ടാക്സ്: നിലവിലെ 50 ശതമാനം കിഴിവിന് പകരം 1999-ന് മുൻപുള്ള മാതൃകയിലേക്ക് നികുതി ഘടന മാറും. ഇതനുസരിച്ച് പണപ്പെരുപ്പത്തിന് അനുസൃതമായ മാറ്റങ്ങളായിരിക്കും നികുതിയിൽ വരുത്തുക. ഇത് അടുത്ത വർഷം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
സർക്കാരിന്റെ ഈ തീരുമാനത്തെ പ്രതിപക്ഷ കക്ഷികൾ ശക്തമായി വിമർശിച്ചു. ആൽബനീസി സർക്കാർ ഭവന വിപണിയെ തകർത്തിരിക്കുകയാണെന്ന് പ്രതിപക്ഷ ഭവന വക്താവ് ആൻഡ്രൂ ബ്രാഗ് ആരോപിച്ചു. സഖ്യകക്ഷി സർക്കാരിന്റെ കാലത്ത് പ്രതിവർഷം ശരാശരി രണ്ട് ലക്ഷം വീടുകൾ നിർമ്മിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 1.70 ലക്ഷമായി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നികുതി നയങ്ങളിലെ ഈ മാറ്റം വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്

