കൗണ്ടിംഗ് സൂപ്പർവൈസർമാരുടെ നിയമനം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടാതെ സുപ്രീം കോടതി

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും കൗണ്ടിംഗ് സൂപ്പർവൈസർമാരായി നിയമിക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ സുപ്രീം കോടതി ഇടപെട്ടില്ല. കമ്മീഷന്റെ നടപടി നിയമവിരുദ്ധമാണെന്ന് പറയാനാവില്ലെന്നും വോട്ടെണ്ണൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർ ആരുടെ കീഴിലുള്ളവരാണെങ്കിലും അവർ കമ്മീഷന്റെ നിയന്ത്രണത്തിലാണെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ശനിയാഴ്ച ഹർജി പരിഗണിച്ചത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സംസ്ഥാന സർക്കാർ ജീവനക്കാരെ ഒഴിവാക്കി കേന്ദ്ര ജീവനക്കാരെ മാത്രം നിയോഗിക്കുന്നത് പക്ഷപാതപരമാണെന്നും കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും ആരോപിച്ച് തൃണമൂൽ കോൺഗ്രസ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ കൽക്കട്ട ഹൈക്കോടതിയും ഈ വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ചിരുന്നു.

വോട്ടെണ്ണൽ ഉദ്യോഗസ്ഥരെ ഏത് വിഭാഗത്തിൽ നിന്ന് തിരഞ്ഞെടുക്കണം എന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവേചനാധികാരമാണ്. കേന്ദ്ര സർക്കാരിലോ സംസ്ഥാന സർക്കാരിലോ ഉള്ള ജീവനക്കാരെ തിരഞ്ഞെടുക്കാൻ കമ്മീഷന് അധികാരമുണ്ട്.ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഏത് വിഭാഗത്തിൽപ്പെട്ടവരായാലും അവർ കമ്മീഷന്റെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കും. അതിനാൽ അവർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ സഹായിക്കുമെന്ന് മുൻകൂട്ടി കരുതാനാവില്ല.വോട്ടെണ്ണൽ സമയത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഏജന്റുമാർ അവിടെയുണ്ടാകുമെന്നും അതിനാൽ ക്രമക്കേടുകൾക്ക് സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഏപ്രിൽ 13-ന് പുറപ്പെടുവിച്ച സർക്കുലർ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ (Letter and Spirit) നടപ്പിലാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കൗണ്ടിംഗ് സൂപ്പർവൈസർ കേന്ദ്ര ജീവനക്കാരനാകുമ്പോൾ കൗണ്ടിംഗ് അസിസ്റ്റന്റ് സംസ്ഥാന ജീവനക്കാരനാകുമെന്ന കമ്മീഷന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. മെയ് 4 തിങ്കളാഴ്ച രാവിലെ എട്ട് മണിക്കാണ് പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കുന്നത്. ഇതിന് തൊട്ടുമുമ്പുള്ള കോടതി വിധി തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *