ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് തെലങ്കാന ഹൈക്കോടതി അനുവദിച്ച ട്രാൻസിറ്റ് മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസം സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മ നൽകിയ അപകീർത്തിക്കേസിലാണ് പവൻ ഖേരയ്ക്ക് ഹൈക്കോടതി താൽക്കാലിക ആശ്വാസം നൽകിയിരുന്നത്.
റിനികി ഭൂയാൻ ശർമ്മയ്ക്ക് ഒന്നിലധികം വിദേശ പാസ്‌പോർട്ടുകളും വിദേശത്ത് വെളിപ്പെടുത്താത്ത സ്വത്തുക്കളും ഉണ്ടെന്ന പവൻ ഖേരയുടെ ആരോപണത്തെത്തുടർന്നാണ് അസം പോലീസ് കേസെടുത്തത്. അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഖേരയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.ഏപ്രിൽ 10-ന് തെലങ്കാന ഹൈക്കോടതി പവൻ ഖേരയ്ക്ക് ഒരാഴ്ചത്തെ ട്രാൻസിറ്റ് മുൻകൂർ ജാമ്യം അനുവദിച്ചു. ഈ കാലയളവിനുള്ളിൽ ബന്ധപ്പെട്ട കോടതിയെ സമീപിച്ച് സ്ഥിരം ജാമ്യം തേടാൻ കോടതി നിർദ്ദേശിച്ചിരുന്നു.
ഡൽഹിയിൽ താമസിക്കുന്ന പവൻ ഖേര തെലങ്കാന ഹൈക്കോടതിയെ സമീപിച്ചതിനെ അസം സർക്കാർ ചോദ്യം ചെയ്യുന്നു. കേസ് രജിസ്റ്റർ ചെയ്തത് അസമിലായതിനാൽ അവിടുത്തെ കോടതിയെയാണ് സമീപിക്കേണ്ടതെന്നും ഹൈക്കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണിതെന്നും അസം സർക്കാർ വാദിക്കുന്നു.ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അസം സർക്കാർ ഇപ്പോൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.പവൻ ഖേരയുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും തെളിവില്ലാത്തതാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ഭാര്യയും നേരത്തെ പ്രതികരിച്ചിരുന്നു. കേസിൽ സുപ്രീം കോടതിയുടെ തീരുമാനം വരും ദിവസങ്ങളിൽ നിർണ്ണായകമാകും.

