സേലത്ത് അധ്യാപികയെ സ്കൂളിൽ വെച്ച് ഭർത്താവ് വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് സർക്കാർ സ്‌കൂൾ അധ്യാപികയെ ഭർത്താവ് സ്‌കൂളിനുള്ളിൽ വെച്ച് വെട്ടിക്കൊന്നു. തിണ്ടമംഗലം സ്വദേശി ശ്രീവിദ്യ (44) ആണ് കൊല്ലപ്പെട്ടത്. ഓമലൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്.

സ്‌കൂളിൽ ഡ്യൂട്ടിയിലായിരുന്ന ശ്രീവിദ്യയെ ഭർത്താവ് വിജയമുരുകൻ അവിടെയെത്തി ആക്രമിക്കുകയായിരുന്നു. മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.കൃത്യത്തിന് ശേഷം പ്രതി തന്റെ മൂന്ന് വയസ്സുള്ള മകളെയും എടുത്തുകൊണ്ടാണ് സ്കൂളിൽ നിന്ന് ഓടിപ്പോയത്.

വിജയമുരുകനെതിരെ ശ്രീവിദ്യ കഴിഞ്ഞയാഴ്ച പോലീസിൽ പരാതി നൽകിയിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുടുംബപരമായ തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഒളിവിൽ പോയ പ്രതിക്കായി തമിഴ്‌നാട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.സ്‌കൂൾ സമയത്ത് നടന്ന ഈ കൊലപാതകം സഹപ്രവർത്തകർക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *