ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്‌സറിൽ ഭിണ്ടിസൈദ പോലീസ് സ്റ്റേഷനു നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ആണെന്ന് പഞ്ചാബ് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് ഡിജിപി ഗൗരവ് യാദവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.കഴിഞ്ഞ മാസം (മാർച്ച് 29-30 അർദ്ധരാത്രി) അമൃത്‌സർ റൂറൽ പരിധിയിലെ ഭിണ്ടിസൈദ പോലീസ് സ്റ്റേഷന് നേരെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.
അമൃത്‌സർ റൂറൽ പോലീസും ഫരീദ്‌കോട്ട് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് പിസ്റ്റളുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.വിദേശത്തിരുന്ന് ഭീകരപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന പാക് ഹാൻഡ്‌ലറുമായി പ്രതികൾക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പോലീസ് കേന്ദ്രങ്ങളെ ലക്ഷ്യം വെക്കാൻ പ്രതികൾക്ക് ഐഎസ്ഐയിൽ നിന്ന് വലിയ സാമ്പത്തിക വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു.
സംഭവദിവസം പ്രതികൾ പോലീസ് സ്റ്റേഷന്റെ പരിസരത്ത് നിരീക്ഷണം നടത്തുകയും തുടർന്ന് ഗോതമ്പ് പാടങ്ങളിലൂടെ നടന്നെത്തി സ്റ്റേഷന്റെ പിൻഭാഗത്തുനിന്ന് ഗ്രനേഡ് എറിയുകയുമായിരുന്നു. ഇതിന്റെ വീഡിയോ ഇവർ ചിത്രീകരിക്കുകയും ചെയ്തിരുന്നു.യുഎപിഎ (UAPA), എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് എന്നിവയുൾപ്പെടെയുള്ള കർശനമായ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പഞ്ചാബിൽ സമാധാന അന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുള്ള ഭീകര ശൃംഖലയെ തകർക്കാനുള്ള ഊർജ്ജിത നീക്കത്തിലാണ് പോലീസ്

