ജ്യോതിശാസ്ത്ര കൂട്ടായ്മകൾ രാജ്യത്ത് അതിവേഗം പ്രചരിക്കുന്നു; ആസ്ട്രോ കേരളയെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തുടനീളം ജ്യോതിശാസ്ത്ര കൂട്ടായ്മകൾ അതിവേഗം പ്രചാരം നേടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ആസ്ട്രോ കേരള’ എന്ന ജ്യോതിശാസ്ത്ര കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കീ ബാത്തിൽ’ പ്രത്യേകം പരാമർശിച്ച് പ്രശംസിച്ചു.

രാത്രികാല നക്ഷത്ര നിരീക്ഷണ ക്യാമ്പുകളും വൈവിധ്യമാർന്ന പരിശീലന കളരികളും സംഘടിപ്പിക്കുന്നതിൽ ‘ആസ്ട്രോ കേരള’ വലിയ പങ്കാണ് വഹിക്കുന്നത്. ഇവിടെ എത്തുന്ന യുവാക്കൾക്ക് ദൂരദർശിനി നിർമ്മിക്കുന്നതിലും നക്ഷത്രഭൂപടങ്ങൾ കൃത്യമായി ഉപയോഗിക്കുന്നതിലും വിദഗ്ദ്ധ പരിശീലനമാണ് നൽകിവരുന്നത്. ജ്യോതിശാസ്ത്ര മേഖലയിൽ യുവാക്കൾക്കിടയിൽ താല്പര്യം വളർത്താൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടൊപ്പം രാജ്യത്തെ യുവാക്കളോട് ഒരു പ്രധാന അഭ്യർത്ഥനയും പ്രധാനമന്ത്രി നടത്തി. യുവാക്കൾ തങ്ങളുടെ പ്രദേശങ്ങളിലുള്ള ഏതെങ്കിലും ഒരു വാനനിരീക്ഷണ സംഘത്തിൽ പങ്കാളികളാകണമെന്നും വരും ദിവസങ്ങളിലെ അവധിക്കാലത്ത് ഒരു നക്ഷത്ര ബംഗ്ലാവ് (പ്ലാനറ്റേറിയം) എങ്കിലും നേരിട്ട് സന്ദർശിക്കാൻ സമയം കണ്ടെത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *