ജെറുസലേം: ജെറുസലേമിൽ ഫ്രഞ്ച് കത്തോലിക്കാ കന്യാസ്ത്രീയും പുരാവസ്തു ഗവേഷകയുമായ വനിതയ്ക്ക് നേരെ നടന്ന ക്രൂരമായ ആക്രമണം ലോകമെമ്പാടും വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. തെരുവിലൂടെ നടന്നുപോവുകയായിരുന്ന കന്യാസ്ത്രീയെ ഒരാൾ പിന്നിലൂടെ വന്ന് ആഞ്ഞടിച്ചു വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിലത്തുവീണ കന്യാസ്ത്രീയെ ഇയാൾ വീണ്ടും ചവിട്ടുകയും ചെയ്തു. ഒരു വഴിയാത്രക്കാരൻ ഇടപെട്ടതോടെയാണ് അക്രമി പിന്തിരിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് 36 വയസ്സുകാരനായ ഒരാളെ ഇസ്രായേൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരത്തിലെ സമാധാനപരമായ അന്തരീക്ഷം തകർക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണത്തിൽ കന്യാസ്ത്രീയുടെ മുഖത്ത് പരിക്കേറ്റെങ്കിലും നില ഗുരുതരമല്ല.
ആക്രമണത്തെ ശക്തമായി അപലപിച്ച ഫ്രഞ്ച് കോൺസുലേറ്റ്, കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.ഇതൊരു “ലജ്ജാകരമായ പ്രവൃത്തി”യാണെന്നും ഇസ്രായേൽ ഉയർത്തിപ്പിടിക്കുന്ന മതസ്വാതന്ത്ര്യം, സഹവർത്തിത്വം എന്നീ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും മന്ത്രാലയം പ്രസ്താവിച്ചു.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ക്രിസ്ത്യൻ സമൂഹത്തിന് നേരെ വർദ്ധിച്ചുവരുന്ന ശത്രുതയുടെ ഭാഗമാണെന്നും സർവ്വകലാശാല ചൂണ്ടിക്കാട്ടി. ഒരു ഗവേഷകയ്ക്ക് നേരെ നടന്ന ആക്രമണം ആഗോള ശാസ്ത്ര സമൂഹത്തിന് നേരെ നടന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
മൗണ്ട് സിയോണിന് സമീപമാണ് ഈ ആക്രമണം നടന്നത്. സമീപകാലത്തായി ജെറുസലേമിൽ ക്രിസ്ത്യൻ പുരോഹിതർക്കും ചിഹ്നങ്ങൾക്കും നേരെ ഇത്തരം അധിക്ഷേപങ്ങളും ആക്രമണങ്ങളും വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകളുണ്ട്. മതസ്വാതന്ത്ര്യത്തിനായുള്ള സന്നദ്ധ സംഘടനകളുടെ കണക്കനുസരിച്ച് ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം ക്രിസ്ത്യാനികൾക്ക് നേരെ മുപ്പതിലധികം അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം തെക്കൻ ലെബനനിൽ ഇസ്രായേൽ സൈനികൻ യേശുക്രിസ്തുവിന്റെ രൂപം തകർത്തതും വലിയ വിവാദമായിരുന്നു.

