കാൻബറ: ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് ഗ്യാസ് ക്ഷാമം പരിഹരിക്കാനും വിലക്കയറ്റം തടയാനുമായി പുതിയ ‘ഗ്യാസ് റിസർവേഷൻ’ നയം പ്രഖ്യാപിച്ച് ആൽബനീസി സർക്കാർ. ഊർജ്ജ ഭീമന്മാർ ഉൽപ്പാദിപ്പിക്കുന്ന ഗ്യാസിന്റെ നിശ്ചിത വിഹിതം ആഭ്യന്തര വിപണിക്കായി മാറ്റിവെക്കണമെന്നതാണ് പുതിയ നിയമം. അടുത്ത വർഷം ജൂലൈ മുതൽ പുതിയ പദ്ധതി പ്രാബല്യത്തിൽ വരും.
ഉൽപ്പാദനത്തിന്റെ ഏകദേശം 20 ശതമാനം ഓസ്ട്രേലിയൻ വിപണിക്കായി നീക്കിവെക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഒറിജിൻ (Origin), ഷെൽ (Shell), സാന്റോസ് (Santos) തുടങ്ങിയ വമ്പൻ എൽ.എൻ.ജി കയറ്റുമതിക്കാരെ ഈ തീരുമാനം നേരിട്ട് ബാധിക്കും. കയറ്റുമതി പെർമിറ്റുകളിൽ ഇനി മുതൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റിസോഴ്സ് മന്ത്രി മാഡ്ലൈൻ കിംഗ്, ഊർജ്ജ മന്ത്രി ക്രിസ് ബോവൻ എന്നിവർ അറിയിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ എൽ.എൻ.ജി കയറ്റുമതി രാജ്യങ്ങളിലൊന്നാണെങ്കിലും, 2028-ഓടെ ഓസ്ട്രേലിയയിൽ ഗ്യാസ് ക്ഷാമം രൂക്ഷമാകുമെന്ന് കോംപറ്റീഷൻ ആന്റ് കൺസ്യൂമർ കമ്മീഷൻ (ACCC) മുന്നറിയിപ്പ് നൽകിയിരുന്നു. മധ്യേഷ്യയിലെ ഇസ്രായേൽ-ഇറാൻ സംഘർഷം ആഗോളതലത്തിൽ ഇന്ധനവില വർധിപ്പിച്ചതും ഓസ്ട്രേലിയൻ വിപണിയെ പ്രതിസന്ധിയിലാക്കി. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ നീക്കം തടസ്സപ്പെട്ടത് ആഗോള വിതരണത്തെ ബാധിച്ചിട്ടുണ്ട്.
പുതിയ നയം രാജ്യത്തെ വൻകിട വ്യവസായങ്ങൾക്കും വീടുകൾക്കും കുറഞ്ഞ നിരക്കിൽ തടസ്സമില്ലാതെ ഗ്യാസ് ലഭ്യമാക്കാൻ സഹായിക്കുമെന്ന് മന്ത്രി ക്രിസ് ബോവൻ പറഞ്ഞു. നിലവിലുള്ള അന്താരാഷ്ട്ര കരാറുകളെ ഈ തീരുമാനം ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചിയുമായി പ്രധാനമന്ത്രി ആന്തണി ആൽബനീസി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ ഇക്കാര്യം വിശദീകരിച്ചു. ഓസ്ട്രേലിയ എന്നും വിശ്വസ്തരായ ഊർജ്ജ വിതരണക്കാരായി തുടരുമെന്നും സർക്കാർ ഉറപ്പുനൽകി

