തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക എന്നത് സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും ആരോഗ്യകരമായ ബാല്യം ശക്തമായ ഭാവി എന്നതാണ് ബാല്യസ്പന്ദനം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ‘ബാല്യസ്പന്ദനം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും ആവശ്യങ്ങൾ മനസ്സിലാക്കി കൃത്യമായ ഇടപെടലുകൾ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ. ഒറ്റത്തവണ പരിശോധന നടത്തി അവസാനിക്കുന്ന ഒന്നല്ല ഈ പദ്ധതിയെന്നും കുട്ടികളുടെ വളർച്ചയും ആരോഗ്യനിലയും നിരന്തരം നിരീക്ഷിക്കുകയും ആവശ്യമായ സാഹചര്യങ്ങളിൽ തുടർനടപടികൾ ഉറപ്പാക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 33,120 അങ്കണവാടികളിലെ കുട്ടികൾക്ക് കൃത്യമായ ഇടവേളകളിൽ വിദഗ്ധ ആരോഗ്യപരിശോധന ഉറപ്പാക്കുന്ന പദ്ധതി ആരോഗ്യവകുപ്പിന്റെ പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിലാണ് ഏകോപിപ്പിക്കുന്നത്.
ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ കുട്ടികൾക്കായുള്ള വളർച്ച നിരീക്ഷണ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പൂർണ ആരോഗ്യവുമുള്ള അടുത്ത തലമുറയെ വാർത്തെടുക്കലാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്നും നാളെയുടെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യരംഗം ശക്തിപ്പെടുത്തുന്നതിന് നൂതന പദ്ധതികൾ ആവിഷ്കരിച്ചുവരികയാണെന്നും കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ആരോഗ്യമിഷന്റെ 1.43 കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം നിർമിക്കാൻ അനുമതി നൽകിയതായും അദ്ദേഹം അറിയിച്ചു. ചടങ്ങിനു ശേഷം ഐ.സി.ഡി.എസ് വട്ടിയൂർക്കാവ് സെക്ടറിലെ 33 അങ്കണവാടികളിലെ കുട്ടികൾക്ക് വളർച്ച നിരീക്ഷണ പരിശോധനയും നടത്തി.

