ബാങ്ക് തട്ടിപ്പ് കേസ്: അനിൽ അമ്പാനിയുടെ ഫ്ലാറ്റും ഫാംഹൗസും കണ്ടുകെട്ടി

ന്യൂഡൽഹി: റിലയൻസ് കമ്യൂണിക്കേഷൻസുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസിൽ വ്യവസായി അനിൽ അംബാനിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ചൊവ്വാഴ്ച നടത്തിയ നടപടിയിൽ ഏകദേശം 3,034 കോടി രൂപയുടെ സ്വത്തുകളാണ് പിടിച്ചെടുത്തത്.

മുംബൈയിലെ ഉഷാ കിരൺ ബിൽഡിംഗിലുള്ള ഫ്ലാറ്റും ഖണ്ഡാലയിലെ ഫാംഹൗസും ഉൾപ്പെടെയുള്ള ആസ്തികളാണ് കണ്ടുകെട്ടിയത്. ഇതിന് പുറമെ മുദ്ര ഫൗണ്ടേഷൻ ഫോർ കമ്യൂണിക്കേഷൻസ് റിസർച്ച് ആൻഡ് എജ്യൂക്കേഷൻ എന്ന സ്ഥാപനത്തിന്റെ പേരിലുള്ള ഭൂമിയും റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഓഹരികളും ഉൾപ്പെടുന്നു.

ഈ കേസിൽ ഇതുവരെ മൊത്തം 19,344 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയതായി റിപ്പോർട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക്, എൽഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐയും ഇഡിയും കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം, കണ്ടുകെട്ടിയ സ്വത്തുകളിൽ കുടുംബസ്വത്തുകളും ഉൾപ്പെട്ടിട്ടുണ്ടെന്നും നിയമപരമായി മറുപടി നൽകുമെന്നും റിലയൻസ് ഗ്രൂപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *