ബെയ്റൂട്ട്: ഇസ്രയേലുമായുള്ള പത്ത് ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ ലബനനിലുടനീളം ആഹ്ലാദപ്രകടനങ്ങൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തലസ്ഥാനമായ ബെയ്റൂട്ടിലടക്കം ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി വിജയാഘോഷം നടത്തി.
വെടിനിർത്തൽ നിലവിൽ വന്നതോടെ തെരുവുകളിൽ വാഹനങ്ങളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. ഇസ്രയേലി സേനയുടെ ആക്രമണത്തെത്തുടർന്ന് തെക്കൻ ലബനനിൽ നിന്ന് പലായനം ചെയ്ത ജനങ്ങൾ കൂട്ടത്തോടെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ ആരംഭിച്ചിട്ടുണ്ട്.
ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം ഇസ്രയേലി ഭരണകൂടത്തിനും സൈന്യത്തിനും അപ്രതീക്ഷിതമായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തെക്കൻ ലബനനിൽ ആക്രമണം തുടരുമെന്ന് ഇസ്രയേലി സേന പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഇടപെടലുണ്ടായത്.പ്രഖ്യാപനത്തിന് തൊട്ടുമുൻപ് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര ക്യാബിനറ്റ് യോഗം വിളിച്ചുചേർത്തിരുന്നു. ട്രംപിന്റെ തീരുമാനത്തിന് വഴങ്ങുകയല്ലാതെ നെതന്യാഹുവിന് മുന്നിൽ മറ്റ് വഴികളില്ലായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
വ്യാഴാഴ്ച രാത്രിയും തെക്കൻ ലബനനിലെ ഗ്രാമങ്ങളിൽ ഇസ്രയേലി ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പത്ത് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടത്.യുദ്ധഭീതിയിലായിരുന്ന ലബനീസ് ജനതയ്ക്ക് വലിയ ആശ്വാസമാണ് ഈ പ്രഖ്യാപനം നൽകിയിരിക്കുന്നത്. അതേസമയം, വെടിനിർത്തൽ എത്രത്തോളം സുസ്ഥിരമായിരിക്കുമെന്ന കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്

