ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിൽ പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങൾ നിർണ്ണായക വിജയത്തിലേക്ക്. പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ ഇറാൻ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, അടച്ചിട്ടിരുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നതായി ഇറാൻ പ്രഖ്യാപിച്ചു. ആഗോള എണ്ണവിപണിയെയും ചരക്കുനീക്കത്തെയും ബാധിച്ച വലിയൊരു പ്രതിസന്ധിക്കാണ് ഇതോടെ അയവ് വന്നിരിക്കുന്നത്.
ഇസ്ലാമാബാദിൽ നടന്ന ഒന്നാം ഘട്ട ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് സമാധാന നീക്കങ്ങൾ വഴിമുട്ടിയിരുന്നു. എന്നാൽ, ആസിം മുനീറിന്റെ നേതൃത്വത്തിലുള്ള പാക് പ്രതിനിധി സംഘം ടെഹ്‌റാനിലെത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി നടത്തിയ ചർച്ചകളാണ് വെടിനിർത്തലിലേക്കും കടലിടുക്ക് തുറക്കുന്നതിലേക്കും വഴിതെളിച്ചത്.
ലോകത്തിലെ അഞ്ചിലൊന്ന് എണ്ണ വ്യാപാരവും നടക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ തുറന്നതോടെ ചരക്കുനീക്കം പുനഃസ്ഥാപിക്കപ്പെട്ടു. അമേരിക്കൻ ഉപരോധത്തിന് ശേഷം ആദ്യമായി അഞ്ച് മില്യൺ ബാരൽ അസംസ്‌കൃത എണ്ണയുമായി മൂന്ന് ഇറാനിയൻ ടാങ്കറുകൾ പാതയിലൂടെ യാത്ര തുടങ്ങി.
ഇറാനും യുഎസും തമ്മിലുള്ള രണ്ടാമത്തെ റൗണ്ട് ചർച്ചകൾ ഉടൻ പാകിസ്ഥാനിൽ വെച്ച് നടക്കുമെന്നാണ് സൂചന. ആണവ പദ്ധതികൾ, യുദ്ധനഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിൽ ഇപ്പോഴും ഭിന്നത നിലനിൽക്കുന്നുണ്ടെങ്കിലും താൽക്കാലിക വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ ധാരണയായിട്ടുണ്ട്.മേഖലയിലെ സമാധാനം നിലനിർത്താൻ പാകിസ്ഥാൻ നടത്തുന്ന നയതന്ത്ര നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയാണ്. ഗതാഗതം പുനഃസ്ഥാപിച്ചത് ആഗോള വിപണിയിൽ എണ്ണവില കുറയുന്നതിനും കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു

