പാലാ: കുറുമണ്ണ് ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച (മേയ് 30) രാവിലെ 11-ന് കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ദയ ചെയർമാൻ പി. എം. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ദയ മെന്ററും സോഷ്യൽ വർക്കറും മോട്ടിവേഷണൽ സ്പീക്കറുമായ നിഷ ജോസ് കെ. മാണി ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുറുമണ്ണ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് വികാരിയും ദയ രക്ഷാധികാരിയുമായ റവ. ഫാ. തോമസ് മണിയൻചിറ യോഗത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ചടങ്ങിൽ വെച്ച് പാലാ റോട്ടറി ക്ലബ് പബ്ലിക് ഇമേജ് ചെയർമാൻ സന്തോഷ് മാട്ടേൽ, ദയയിലെ പത്ത് കുട്ടികൾക്ക് റോട്ടറി ക്ലബ്ബിന്റെ ‘ഒപ്പോൾ’ (OPPOL) പ്രോജക്ടിന്റെ ഭാഗമായുള്ള സ്കോളർഷിപ്പ് പ്രഖ്യാപനവും വിതരണവും നിർവഹിച്ചു. കോട്ടയം ലേഡീസ് സർക്കിൾ നമ്പർ 48 ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ റോസ് ആൻ തരകൻ, സെക്രട്ടറി മായ കുര്യൻ, പുളിമൂട്ടിൽ സിൽക്സ് പാലാ സ്റ്റോർ മാനേജർ ബിജു ജോൺ, സാമൂഹ്യ പ്രവർത്തക റിയാനാ ടോമി കുറ്റ്യാങ്കൽ എന്നിവർ ചേർന്ന് കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. നൂറ്റിയമ്പതോളം വരുന്ന അർഹരായ കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 120 കുട്ടികൾക്കാണ് ഇത്തവണ പഠനോപകരണങ്ങൾ നൽകിയത്. ഇതോടൊപ്പം ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 13 കുട്ടികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
ദയ വൈസ് ചെയർമാനും പാരാ ലീഗൽ വോളന്റിയറുമായ സോജ ബേബി, ജോയിന്റ് സെക്രട്ടറിയും റിട്ട. ആർ.ടി.ഒയുമായ പി. ടി. സുനിൽ ബാബു, സെക്രട്ടറി തോമസ് ടി. എഫ്രേം, ട്രഷറർ ലിൻസ് ജോസഫ്, എക്സിക്യൂട്ടീവ് മെമ്പർ സിന്ധു പി. നാരായണൻ, കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ് ജോസഫ്, സാമൂഹ്യ പ്രവർത്തകൻ എൽബിൻ സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

