ഇറാൻ മുന്നോട്ടുവച്ച പുതിയ സമാധാന നിർദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൂർണമായും തള്ളിക്കളഞ്ഞു. ഇറാന്റെ മറുപടി “തീർത്തും അംഗീകരിക്കാനാവാത്തത്” ആണെന്ന് ട്രംപ് പ്രതികരിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിന് ഘട്ടംഘട്ടമായ പദ്ധതിയാണ് ഇറാൻ മുന്നോട്ടുവച്ചത്. ആദ്യം യുദ്ധം നിർത്തുക, തുടർന്ന് ഹോർമുസ് കടലിടുക്ക് തുറക്കുക, അമേരിക്കൻ ഉപരോധങ്ങൾ പിൻവലിക്കുക, അതിന് ശേഷമേ ആണവ ചർച്ചകൾ നടക്കൂ എന്ന നിലപാടാണ് ടെഹ്റാൻ സ്വീകരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ ഇറാന്റെ ആണവ പദ്ധതിയിൽ കർശന നിയന്ത്രണങ്ങളും യൂറേനിയം സമ്പുഷ്ടീകരണത്തിന് ദീർഘകാല വിലക്കും ഉൾപ്പെടെയുള്ള അമേരിക്കയുടെ പ്രധാന ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കാത്തതാണ് നിർദേശം തള്ളാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ.
ഇറാൻ “വർഷങ്ങളായി കളിക്കുകയാണ്” എന്നും ആവശ്യമായാൽ വീണ്ടും സൈനിക നടപടി സ്വീകരിക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം കീഴടങ്ങലോ വലിയ വിട്ടുവീഴ്ചയോ ഉണ്ടാകില്ലെന്ന് ഇറാൻ പ്രസിഡന്റ് വീണ്ടും ആവർത്തിച്ചു.
സംഘർഷാവസ്ഥ തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം ആഗോള എണ്ണവില ഉയരാനും പശ്ചിമേഷ്യയിൽ സുരക്ഷാ ആശങ്ക ശക്തമാകാനും ഇടയാക്കിയിട്ടുണ്ട്.

